
ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിൽ കുട്ടിക്രിക്കറ്റിൻ്റെ ഫോർമാറ്റിൽ ഇന്ത്യയുടെ യുവനിര ഇന്ന് ബംഗ്ലാദേശുമായി കൊമ്പുകോർക്കാനിറങ്ങും. ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 7 മണിക്ക് ഗ്വാളിയോറിൽ നടക്കും. മധ്യപ്രദേശിലെ മാധവ റാവു സിന്ധ്യ സ്റ്റേഡിയമാണ് വേദിയാകുന്നത്.
കടുത്ത പ്രതിസന്ധികൾക്ക് നടുവിലാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ബംഗ്ലാദേശിൽ ഹിന്ദു മതവിഭാഗക്കാരെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മഹാസഭ ഗ്വാളിയോറിൽ ഒക്ടോബർ 6ന് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബർ രണ്ടിന് ഹിന്ദു മഹാസഭ ഗ്വാളിയോറിൽ ഒരു പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. മത്സരത്തിൻ്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ കോടതി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 7 വരെ പ്രദേശത്ത് നിരോധനാജ്ഞ തുടരും. നേരത്തേ ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റ് മത്സരത്തിനിടെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയത്തിൽ ബാനറുകൾ ഉയർന്നിരുന്നു. ഗ്വാളിയോറിൽ ഇന്ന് നടക്കാനിരിക്കുന്ന ടി20 മത്സരത്തിന് കനത്ത സുരക്ഷാ ക്രമീകരണമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
മത്സരത്തിൻ്റെ സുരക്ഷയ്ക്കായി 2500ലേറെ പൊലീസുകാരെയാണ് സ്റ്റേഡിയത്തിൽ വിന്യസിച്ചിരിക്കുന്നത്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്വാളിയോർ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.
ആദ്യ ടി20യിൽ അഭിഷേക് ശർമയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഓപ്പണറാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അറിയിച്ചു. മുന്നേറ്റനിരയിൽ ബാറ്റ് ചെയ്തുള്ള അനുഭവ സമ്പത്താണ് സഞ്ജുവിന് ഗുണമായത്. മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ സൂര്യകുമാർ ഓപ്പണറായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ താരം മധ്യനിരയിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തിലക് വർമ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിങ്, ഹാർഷിത് റാണ, മായങ്ക് യാദവ്.