India vs England 1st T20I | ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; റെക്കോര്‍ഡ് നേട്ടത്തില്‍ അര്‍ഷ്ദീപ് സിങ്

മൂന്ന് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് പ്ലേയർ ഓഫ് ദി മാച്ച്
India vs England 1st T20I | ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; റെക്കോര്‍ഡ് നേട്ടത്തില്‍ അര്‍ഷ്ദീപ് സിങ്
Published on
Updated on

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സായിരുന്നു നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കളി സ്വന്തം വരുതിയിലാക്കുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ അഭിഷേക് ശര്‍മ ഇടിവെട്ട് ബാറ്റിങ് കാഴ്ച വെച്ചു. 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ 39 പന്തില്‍ 79 റണ്‍സ് നേടി. വരുൺ ചക്രവർത്തിയാണ് പ്ലേയർ ഓഫ് ദി മാച്ച്. 

സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ടെങ്കിലും ഇരുപത് പന്തില്‍ 26 റണ്‍സ് നേടി പുറത്തായി. പിന്നാലെ വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റണ്‍സ് നേടാനാകാതെ പുറത്തായി. അഭിഷേക് ശര്‍മയുടെ വിക്കറ്റും തുടക്കത്തില്‍ തന്നെ പോയെങ്കിലും തിലക് വര്‍മ (16 പന്തില്‍ 19*), ഹാര്‍ദിക് പാണ്ഡ്യ (4 പന്തില്‍ 3*) യും ഇന്ത്യയെ സ്മൂത്തായി ലക്ഷ്യത്തിലെത്തിച്ചു. അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍.

ബൗളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തിളങ്ങിയത്. ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് മുതല്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റുകള്‍ നഷ്ടമായി. ഫില്‍ സാള്‍ട്ട് (0), ബെന്‍ ഡക്കറ്റ് (4), ലിയാം ലിവിങ്സ്റ്റണ്‍ (0), ജേക്കബ് ബെത്തെല്‍ (7), ജാമി ഓവര്‍ട്ടണ്‍ (2), ഗസ് അറ്റ്കിന്‍സണ്‍ (2), മാര്‍ക്ക് വുഡ് (1) എന്നിവരെല്ലാം രണ്ടക്കം തികയ്ക്കാനാകാതെ പുറത്തായി. എട്ട് റണ്‍സെടുത്ത ആദില്‍ റഷീദ് പുറത്താകാതെ നിന്നു. പതിനേഴ് റണ്‍സെടുത്ത ഹാരി ബ്രൂക്കും പന്ത്രണ്ട് റണ്‍സെടുത്ത ജൊഫ്ര ആര്‍ച്ചറും മാത്രമാണ് രണ്ടക്കം കടന്നത്. ബാറ്റിങ് നിരയില്‍ ജോസ് ബട്‌ലര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 44 പന്തില്‍ ബട്‌ലര്‍ 68 റണ്‍സെടുത്തു.

ഇന്ത്യക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി. അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ഷമിക്ക് പകരക്കാരനായി ഇറങ്ങി ടി20 യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരത്തോടെ അര്‍ഷ്ദീപ് സ്വന്തമാക്കി. 97 വിക്കറ്റാണ് അര്‍ഷ്ദീപ് ഇതുവരെ നേടിയത്. 96 വിക്കറ്റ് നേടിയ ‌യുസ്‌വേന്ദ്ര ചഹലിന്റെ റെക്കോര്‍ഡാണ് അര്‍ഷ്ദീപ് മറികടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com