
ആദ്യ ഇന്നിങ്സിൽ 400 റൺസിനടുത്ത് ലീഡ് വഴങ്ങിയെങ്കിലും, മുൻനിര ബാറ്റർമാരുടെ പോരാട്ടവീര്യം കൊണ്ട് സന്ദർശകരുടെ ക്ഷമ പരീക്ഷിച്ച് ഇന്ത്യ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇന്ത്യ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി.
സര്‍ഫറാസ് ഖാൻ (70*), വിരാട് കോഹ്‍ലി (70), രോഹിത് ശർമ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് കീവികള്‍ക്കെതിരെ ഇന്ത്യ തിരിച്ചടിച്ചത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 49 ഓവറിൽ 231/3 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ന്യൂസിലൻഡിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 125 റൺസിന് പിറകിലാണ് രോഹിത്തും കൂട്ടരും ഇപ്പോഴും.
രണ്ട് ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ഇനിയുള്ള ദിവസങ്ങളിലെ പ്രകടനം നിർണായകമാണ്. നാളെ അവസാന സെഷന് മുന്നോടിയായി അതിവേഗം റണ്ണടിച്ച് കൂട്ടി ന്യൂസിലൻഡിന് മുന്നിൽ 350 റൺസിന് മുകളിലൊരു വിജയലക്ഷ്യം വെച്ചാൽ മാത്രമെ ഇന്ത്യക്ക് ജയസാധ്യതയുള്ളൂ.
മൂന്നാം ദിവസം അവസാന സെഷനുകളിൽ അതിവേഗം റണ്ണടിച്ച് കൂട്ടാനാണ് ഇന്ത്യൻ താരങ്ങൾ ശ്രമിച്ചത്. കരുതലോടെ തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാർ സ്കോർ 72ൽ നിൽക്കെയാണ് പിരിഞ്ഞത്. 35 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് ആദ്യം മടങ്ങിയത്. പിന്നാലെ അർധസെഞ്ചുറി തികച്ചയുടൻ നായകൻ രോഹിത്തും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി-സർഫറാസ് സഖ്യം അതിവേഗം സ്കോർ ബോർഡ് ചലിപ്പിച്ചു. 136 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ സഖ്യം മൂന്നാം ദിനത്തിലെ അവസാന പന്തിലാണ് പിരിഞ്ഞത്.
70 റൺസെടുത്ത കോഹ്ലിയെ ഗ്ലെൻ ഫിലിപ്പിൻ്റെ പന്തിൽ ടോം ബ്ലണ്ടെൽ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനിടെ 8 ഫോറും ഒരു സിക്സറും കോഹ്ലി പറത്തി. മൂന്ന് സിക്സറും 7 ഫോറുകളും അടങ്ങുന്നതാണ് സർഫറാസിൻ്റെ ഇന്നിങ്സ്.