
ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് പൂനെയില്‍ തുടക്കമാകും. ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ് എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ, മുഹമ്മദ് സിറാജ് , കെ.എൽ. രാഹുൽ, കുൽദീപ് യാദവ് എന്നിവർ ടീമിന് പുറത്തായി.
ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിൽ 8 വിക്കറ്റിൻ്റെ തോൽവി വഴങ്ങിയ ഇന്ത്യ, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ 1-0ന് പിന്നിലാണ്. ഇനിയൊരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനല്‍ സാധ്യതകൾക്ക് തിരിച്ചടിയേകും എന്നതിനാല്‍ വിജയവഴിയിൽ തിരിച്ചെത്തുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
സ്പിന്നിനെ തുണക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനെയിലേത്. വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചായതിനാല്‍ നാലാം ഇന്നിങ്സിലെ ബാറ്റിങ് ദുഷ്ക്കരമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ന് ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഈ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാകും ഇന്ത്യ ഇന്നിറങ്ങുക. ബാറ്റിങ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നും ആദ്യ ടെസ്റ്റിനിടെ കാൽമുട്ടിന് പരുക്കേറ്റ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടുത്തെന്നും കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സമയം രാവിലെ 9.30നാണ് മത്സരം തുടങ്ങുക സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമയം കാണാം. ആരാധകര്‍ക്ക് മൊബൈലിൽ ജിയോ സിനിമയിലും മത്സരം സൗജന്യമായി ലൈവായി ആസ്വദിക്കാം.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, റിഷഭ് പന്ത് (ഡബ്ല്യു), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ടോം ലാതം (ക്യാപ്ടൻ), ഡെവൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടെൽ(ഡബ്ല്യു), ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാൻ്റ്‌നർ, ടിം സൗത്തി, അജാസ് പട്ടേൽ, വില്യം ഒറോർക്ക്.