കീവികളുടെ ചിറകരിഞ്ഞ് ജഡേജയും സുന്ദറും, 235ന് പുറത്ത്; ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി

ഒന്നാം ദിനം അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നാല് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറും ചേർന്നാണ് കീവീസ് ബാറ്റർമാരുടെ ചിറകരിഞ്ഞത്
കീവികളുടെ ചിറകരിഞ്ഞ് ജഡേജയും സുന്ദറും, 235ന് പുറത്ത്; ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി
Published on
Updated on


ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡിനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ സ്പിന്നർമാർ. ന്യൂസിലൻഡ് 65.4 ഓവറിൽ 235 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒന്നാം ദിനം അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നാല് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറും ചേർന്നാണ് കീവീസ് ബാറ്റർമാരുടെ ചിറകരിഞ്ഞത്.

ആദ്യ ദിനം ടോസ് നേടിയ കീവീസ് നായകൻ ടോം ലഥാം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ ഡാരിൽ മിച്ചെൽ (82), വിൽ യങ് (71), ടോം ലഥാം (28), ഗ്ലെൻ ഫിലിപ് (17) എന്നിവർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. ഉച്ചയ്ക്ക് ശേഷം 159/3 എന്ന നിലയിൽ നിന്നാണ് ന്യൂസിലൻഡ് തകർച്ചയിലേക്ക് വീണത്. രണ്ടാം സെഷനിൽ രവീന്ദ്ര ജഡേജയുടെ മാരക സ്പെല്ലാണ് വാംഖഡെയിൽ കണ്ടത്. വാഷിങ്ടൺ സുന്ദറും ഉറച്ച പിന്തുണയേകിയതോടെ കീവികൾ തളരുന്ന കാഴ്ചയാണ് കണ്ടത്.

മറുപടിയായി ഒന്നാമിന്നിങ്സ് ആരംഭിച്ച ഇന്ത്യ19 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 86 എന്ന നിലയിൽ കൂട്ടത്തകർച്ച നേരിടുകയാണ്. മറുപടിയായി ഒന്നാമിന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 65 റൺസ് എന്ന നിലയിൽ നിന്നാണ് മൂന്ന് വിക്കറ്റുകൾ അനാവശ്യമായി വലിച്ചെറിഞ്ഞത്. യശസ്വി ജയ്സ്വാൾ (30), രോഹിത് ശർമ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്ലി (4) എന്നിവരാണ് പുറത്തായത്. ശുഭ്മാൻ ഗിൽ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസിൽ. അജാസ് പട്ടേൽ രണ്ടും മാറ്റ് ഹെൻറി ഒരു വിക്കറ്റും വീഴ്ത്തി. കോഹ്ലി റണ്ണൗട്ടാവുകയായിരുന്നു.

ഓപ്പണർ ഡെവോൺ കോൺവേയെ (4) വിക്കറ്റിന് മുന്നിൽ കുരുക്കി ആകാശ് ദീപാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഓപ്പണർ ടോം ലഥാമിനേയും (28) രചിൻ രവീന്ദ്രയേയും (5) വാഷിങ്ടൺ സുന്ദർ ക്ലീൻ ബൗൾഡാക്കി. എന്നാൽ നാലാം വിക്കറ്റിൽ ഫിഫ്റ്റി റൺസ് കൂട്ടുകെട്ടുയർത്തി യങ്ങും മിച്ചെലും ഇന്ത്യക്ക് ഭീഷണി ഉയർത്തി. വൈകാതെ യങ്ങിനെ രോഹിത്തിൻ്റെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജ ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകി. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടലിൻ്റേയും (0) ഗ്ലെൻ ഫിലിപ്പിൻ്റേയും (17) കുറ്റി തെറിപ്പിച്ച് ജഡേജ ന്യൂസിലൻഡിനെ വിറപ്പിച്ചു. ഇഷ് സോധിയേയും (0) മാറ്റ് ഹെൻറിയേയും പുറത്താക്കി ജഡേജ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഡാരിൽ മിച്ചലിനെ സുന്ദരമായൊരു പന്തിൽ രോഹിത്തിൻ്റെ കൈകളിലെത്തിച്ച വാഷിങ്ടൺ സുന്ദർ കീവികളുടെ ഇന്നിങ്സ് 235ൽ ഒതുക്കി.

ന്യൂസിലൻഡിനെ വീഴ്ത്താൻ സ്പിൻ കെണിയൊരുക്കി അതിൽ വീണാണ് ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ തോൽവി വഴങ്ങിയത്. ഇതേ തെറ്റ് വാംഖഡെയിലും രോഹിത്തും സംഘവും ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. മറിച്ചായാൽ ആരാധകരും പിണങ്ങും, ഒപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഫൈനൽ സാധ്യതകളും മങ്ങും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com