കൊട്ടിക്കേറുന്ന കലാശപ്പോര്; ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് കീവീസിനോട് പകവീട്ടണം

ഇരു ടീമുകളും മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയത്. വിരാട് കോഹ്ലിക്ക് കാൽമുട്ടിന് പരിക്കേറ്റെങ്കിലും ഞായറാഴ്ചത്തെ ഫൈനലിൽ കളിക്കുമെന്നാണ് പ്രതീക്ഷ.
കൊട്ടിക്കേറുന്ന കലാശപ്പോര്; ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് കീവീസിനോട് പകവീട്ടണം
Published on


ചാംപ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ ജേതാക്കളെ നിർണയിക്കുന്നത്‌ സ്‌പിൻ ബൗളർമാരായിരിക്കും. നാളെ ദുബായിലെ മൈതാനത്ത് ഉച്ചയ്ക്ക് 2.30 മുതൽ തീപാറും പോരാട്ടമാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് കിരീടപ്പോരാട്ടത്തിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്.



പകല്‍ സമയത്ത് താപനില 32 ഡിഗ്രിയും രാത്രിയില്‍ 24 ഡിഗ്രിയുമാണ് ചൂട്. നാളെ മഴ പെയ്ത് മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടി വന്നാൽ റിസർവ് ദിനമായ തിങ്കളാഴ്ച ഫൈനൽ വീണ്ടും നടക്കും. അന്നേ ദിവസവും മഴമൂലം മത്സരം നടന്നില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.



ഇരു ടീമുകളും മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയത്. വിരാട് കോഹ്ലിക്ക് കാൽമുട്ടിന് പരിക്കേറ്റെങ്കിലും ഞായറാഴ്ചത്തെ ഫൈനലിൽ കളിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ടീമിൽ നിരവധി പരീക്ഷണങ്ങൾക്കും സാധ്യതയുണ്ട്. കുൽദീപ് യാദവിന് പകരം ഇടംകയ്യൻ പേസർ അർഷ്‌ദീപ് സിങ് പ്ലേയിങ് ഇലവനിൽ എത്താൻ സാധ്യതയുണ്ട്. ഇതിലൂടെ ബൗളിങ് ആക്രമണത്തിൽ വേരിയേഷൻ കൊണ്ടുവരാൻ ഇന്ത്യക്കാവും. താരത്തിൻ്റെ സ്വിങ്ങും ഡെത്ത് ഓവറിലെ മികവും ഇന്ത്യക്ക് ഫൈനലിൽ ഗുണം ചെയ്തേക്കും. ടൂർണമെന്റിൽ ഇതുവരെ അർഷ്ദീപ് കളിച്ചിട്ടില്ല. മറുവശത്ത് കുൽദീപിന് മറ്റ് സ്പിന്നർമാരുടെ അത്ര ഇംപാക്റ്റ് സൃഷ്ടിക്കാനും സാധിച്ചിട്ടില്ല. അതിനാൽ അർഷ്ദീപിന് ചിലപ്പോൾ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചേക്കും.



ബാറ്റിങ്ങിന് ആഴം കൂട്ടാൻ രവീന്ദ്ര ജഡേജയെ ഇന്ത്യ ഏഴാമതായി ബാറ്റിങ്ങിന് ഇറക്കാനും സാധ്യതയുണ്ട്. ഡെത്ത് ഓവറുകളിൽ സ്കോറിങ്ങിന്റെ വേഗം കൂട്ടാനും ഫിനിഷിങ്ങിനുമുള്ള ജഡേജയുടെ കഴിവ് ഫൈനലിൽ നിർണായകമായേക്കാം. കരിയറിൽ ന്യൂസിലൻഡിന് എതിരെ മികച്ച ബാറ്റിങ് റെക്കോർഡുമാണ് രവീന്ദ്ര ജഡേജയ്ക്കുള്ളത്. ഇടംകയ്യൻ ബാറ്ററായ രവീന്ദ്ര ജഡേജയ്ക്ക് ന്യൂസിലൻഡ് ബോളർമാർക്ക് തലവേദന സൃഷ്ടിക്കാനാവും. കലാശപ്പോരിൽ കെ.എൽ. രാഹുലിൻ്റെ ബാറ്റിങ് പൊസിഷനിൽ മാറ്റവും പ്രതീക്ഷിക്കാം. ഇത് മധ്യനിരയെ ശക്തിപ്പെടുത്തും. രാഹുലിന്റെ പരിചയസമ്പത്തും സാങ്കേതിക തികവും ഇന്ത്യക്ക് ഫൈനലിൽ ഗുണം ചെയ്യും.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇരു ടീമുകളും 50 ഓവർ വീതം ബാറ്റ് ചെയ്താൽ അതിൽ പകുതിയോളം ഓവറും എറിയുക ഇടംകയ്യൻ സ്പിന്നർമാരാകും. രവീന്ദ്ര ജഡേജയിലും അക്ഷർ പട്ടേലിലുമാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ക്യാപ്റ്റൻ സാന്റ്നറും രചിൻ രവീന്ദ്രയുമാണ് ന്യൂസിലൻഡിന് പ്രതീക്ഷ നൽകുന്നത്. ഇടംകയ്യൻ, ഓഫ് സ്പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനമാണ് വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ നടത്തിയത്. വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ കളിച്ചാണ് ഇന്ത്യയുടെ ടോപ്, മധ്യനിര ബാറ്റർമാർ കൂടുതലായും പരിശീലനം നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com