പരമ്പര 3-0ന് അടിയറവ് വെച്ചു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വലിയ തിരിച്ചടി!

നിലവിൽ ന്യൂസിലൻഡ് മൂന്നാം സ്ഥാനക്കാരായ ലങ്കയ്ക്കും വലിയ ഭീഷണി ഉയർത്തുന്നുണ്ട്
പരമ്പര 3-0ന് അടിയറവ് വെച്ചു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വലിയ തിരിച്ചടി!
Published on


ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി പരമ്പര 3-0ന് അടിയറവ് വെച്ച ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ വലിയ തിരിച്ചടി. ഓസ്ട്രേലിയക്കാണ് ഇന്ത്യൻ തോൽവി അനുഗ്രഹമായത്. ഇന്ത്യയേക്കാൾ കുറവ് പോയിൻ്റാണ് (90) ലഭിച്ചതെങ്കിലും സീസണിലെ ടെസ്റ്റ് മത്സരങ്ങളിലെ വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ പിന്തള്ളി കംഗാരുപ്പട ഇതാദ്യമായി ഒന്നാമതെത്തി.

12 മത്സരങ്ങളിൽ നിന്ന് 8 ജയവും മൂന്ന് തോൽവിയുമടക്കം 62.50% വിജയനിരക്കാണ് ഓസീസിനുള്ളത്. കീവീസ് നിരയോട് 3-0ന് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ വിജയനിരക്ക് 58.33% ആയി ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് ഇതിനോടകം 98 പോയിൻ്റാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 55.56 വിജയനിരക്കാണുള്ളത്. എങ്കിലും ആകെ 60 പോയിൻ്റ് മാത്രമാണ് സമ്പാദ്യം. ഇന്ത്യക്കെതിരായ പരമ്പര ജയത്തോടെ ദക്ഷിണാഫ്രിക്കയെ (54.17%) മറികടന്ന് ന്യൂസിലൻഡ് (54.55%) ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ മുന്നേറ്റം നടത്തി. നിലവിൽ ന്യൂസിലൻഡ് മൂന്നാം സ്ഥാനക്കാരായ ലങ്കയ്ക്കും വലിയ ഭീഷണി ഉയർത്തുന്നുണ്ട്.



വാംഖഡെയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് 25 റൺസിൻ്റെ ജയമാണ് നേടിയത്. നാലാം ഇന്നിങ്സിൽ 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര 121 റൺസിന് എല്ലാവരും പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ​ഗ്ലെൻ ഫിലിപ്സ് മൂന്നും മാറ്റ് ഹെൻറി ഒരു വിക്കറ്റും നേടി.

57 പന്തിൽ 64 റൺസുമായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പൊരുതിയെങ്കിലും ജഡേജ ഒഴികെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. 9 ബൗണ്ടറികളും ഒരു സിക്സറും റിഷഭ് പന്ത് പറത്തി. ഇന്നലെ വൈകീട്ട് നാലാം ഇന്നിങ്സ് തുടങ്ങിയത് മുതൽ കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. ആദ്യമായാണ് ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ ഒരു പരമ്പരയിൽ മുഴുവൻ മത്സരത്തിലും തോൽപിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com