3 വിക്കറ്റിന് ഇന്ത്യയെ തകർത്ത് പരമ്പരയിൽ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തി ഇന്ത്യക്കായി തിളങ്ങി
3 വിക്കറ്റിന് ഇന്ത്യയെ തകർത്ത് പരമ്പരയിൽ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക
Published on


രണ്ടാം ടി20യിൽ മൂന്ന് വിക്കറ്റിന് ഇന്ത്യയെ തകർത്ത് പരമ്പരയിൽ 1-1ന് ഒപ്പമെത്തി ദക്ഷിണാഫ്രിക്ക. വാലറ്റത്ത് ട്രിസ്റ്റൺ സ്റ്റബ്സ് ((47), ജെറാൾഡ് കോട്സി (19) എന്നിവരുടെ കൂറ്റനടികളാണ് ഇന്ത്യയിൽ നിന്ന് ജയം തട്ടിയകറ്റിയത്. അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തി ഇന്ത്യക്കായി തിളങ്ങിയെങ്കിലും അവസാന ഓവറുകളിൽ പേസർമാർക്ക് റണ്ണൊഴുക്ക് തടയാനാകാഞ്ഞത് ദക്ഷിണാഫ്രിക്കയുടെ ഫിനിഷിങ് എളുപ്പമാക്കി. ട്രിസ്റ്റൺ സ്റ്റബ്സ് കളിയിലെ കേമനായി. പ്രോട്ടീസ് നിരയിൽ റീസ ഹെൻഡ്രിക്സ് (24) റൺസെടുത്തു.

നേരത്തെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഒറ്റക്കെട്ടായി ഇന്ത്യൻ ബാറ്റിങ് നിരയെ 124ൽ പിടിച്ചുകെട്ടിയിരുന്നു. മധ്യനിരയിൽ ഹാർദിക് പാണ്ഡ്യ (39), അക്സർ പട്ടേൽ (27), തിലക് വർമ (20) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യയുടെ സ്കോർ നൂറ് കടത്തിയത്. നിശ്ചിത 20 ഓവറിൽ ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

നേരിട്ട മൂന്നാം പന്തിൽ മാർക്കോ ജാൻസൻ സ‍ഞ്ജു സാംസണിനെ ക്ലീൻ ബൗൾഡാക്കി പവലിയനിലേക്ക് മടക്കിയതോടെ ഇന്ത്യൻ തകർച്ചക്ക് തുടക്കമാകുകയായിരുന്നു. തുടർച്ചയായ രണ്ട് സെഞ്ചുറി നേട്ടങ്ങൾക്ക് പിന്നാലെയാണ് സഞ്ജു അക്കൗണ്ട് തുറക്കാനാകാതെ പുറത്തായത്. സഞ്ജുവിന് പുറമെ ഓപ്പണർ അഭിഷേക് ശർമ (4), സൂര്യകുമാർ യാദവ് (4), റിങ്കു സിങ് (9) എന്നിവർ ഈ മത്സരത്തിൽ നിരാശപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com