
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മഴ ഭീഷണി. മത്സരം നടക്കുന്ന ഡർബനിലെ ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടോടെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. Accuweather.com കാലാവസ്ഥാ പ്രവചന റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച വൈകീട്ടോടെ ഡർബനിൽ കനത്ത മഴ പെയ്യുമെന്നാണ് സൂചന. മഴ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഭീഷണിയാകുന്നുണ്ട്.
ദക്ഷിണാഫ്രിക്കൻ ഗ്രൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡർബനിലെ പിച്ചിൽ പന്ത് ബാറ്റിലേക്ക് എത്താൻ അൽപ്പം താമസമുണ്ട്. ഇത് സ്പിന്നർമാരെ സഹായിക്കുന്നതാണ്. ഇന്ത്യൻ നിരയിൽ വരുൺ ചക്രവർത്തിക്കും അക്സർ പട്ടേലിനും ഈ സാഹചര്യം അനുകൂലമായേക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുൻ കാലങ്ങളിൽ പിച്ച് റൺ സ്‌കോറിംഗിനെ സഹായിച്ചിട്ടുമുണ്ട്.
കണക്കിലെ കളിയിൽ ഇന്ത്യ മുന്നിൽ
ഇതിന് മുമ്പ് ഇരു ടീമുകളും തമ്മിൽ ടി20യിൽ 27 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 15 ജയങ്ങളുമായി ഇന്ത്യ തന്നെയാണ് കണക്കിൽ മുന്നിൽ. ദക്ഷിണാഫ്രിക്കയ്ക്ക് 11 ജയം നേടാനായിട്ടുണ്ട്. ഒരു മത്സരം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഫലം കാണാതെ ഉപേക്ഷിച്ചിട്ടുണ്ട്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മത്സരം എപ്പോൾ, എവിടെ കാണാം?
അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മത്സരം രാത്രി 8.30ന് സ്പോർട് 18 ചാനലിൽ തത്സമയം കാണാം. മൊബൈലിൽ ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.