
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ആന്ധ്രാപ്രദേശിൽ 200 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. മഴക്കെടുതിയിൽ ആന്ധ്രയിൽ മാത്രം എട്ടു പേർ മരിച്ചു. കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് അഞ്ചു പേരും, കാറിൽ സഞ്ചരിക്കവെ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരുമാണ് മരിച്ചത്.
ആന്ധ്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനും ജില്ലകൾക്ക് മൂന്ന് കോടി വീതം അനുവദിക്കാനും നിർദേശം നൽകി. അടുത്ത 24 മണിക്കൂറിൽ ആന്ധ്രാപ്രദേശിൽ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഹൈദരാബാദിൽ സെപ്റ്റംബർ രണ്ട് വരെ പ്രൈമറി - സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
തെലങ്കാനയിൽ ഇന്ന് ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലും മഴ ശക്തമാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നദികൾ കരകവിഞ്ഞതോടെ പ്രധാന പാതകളിൽ പലതിലും വെള്ളം കയറി, ഗതാഗതം തടസപ്പെട്ടു. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്.
READ MORE: യുഎഇയിൽ ഇന്ന് മുതൽ ഇന്ധനവില കുറയും