
ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയയേക്കാൾ മാനസിക മുൻതൂക്കം ഇന്ത്യയ്ക്കായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരം റദ്ദാക്കിയത് ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ഇതിഹാസം പറഞ്ഞു. മത്സരത്തിന് മുന്നോടിയായി ആജ് തക്കിനോട് സംസാരിക്കുകയായിരുന്നു ഗവാസ്കർ.
"ഇന്ത്യ മൂന്ന് മത്സരങ്ങൾ കളിക്കുകയും എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ചെയ്തു. നിർണായക മത്സരത്തിന് മുമ്പ് ഇന്ത്യക്ക് മതിയായ മാച്ച് പ്രാക്ടീസ് ഉണ്ട്. ഇന്ത്യയുടെ ബാറ്റർമാർക്കും ബൗളർമാർക്കും ഫീൽഡിൽ മതിയായ അവസരങ്ങൾ ലഭിക്കുന്നു. മറുവശത്ത് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ആവേശകരമായ ഒരു ചേസിൽ വിജയിച്ചു. പക്ഷേ അവരുടെ അടുത്ത മത്സരങ്ങളെ മഴ ബാധിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചപ്പോൾ, അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരം റദ്ദാക്കി. ഇത് ഇന്ത്യയ്ക്ക് സെമി ഫൈനലിൽ മുൻതൂക്കം നൽകും," ഗവാസ്കർ പറഞ്ഞു.
ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണവും പിന്തുടർന്നാണ് ജയിച്ചതെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. "ഇന്ത്യ മൂന്ന് മത്സരങ്ങൾ കളിച്ചു. അതിൽ രണ്ടെണ്ണം ചേസ് ചെയ്തുകൊണ്ടാണ് ജയിച്ചത്. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ അവർ ആദ്യം ബാറ്റ് ചെയ്ത് 250 റൺസ് നേടി. അതിനാൽ ആദ്യം ബാറ്റ് ചെയ്താൽ എത്ര റൺസ് ആവശ്യമാണെന്നും, എതിരാളികളെ ചേസ് ചെയ്യുമ്പോൾ എത്രത്തോളം റൺസിനുള്ളിൽ നിയന്ത്രിക്കണമെന്നും അവർക്ക് ഇതിനോടകം മനസിലായി. ഈ മാനസിക നേട്ടം ഓസ്ട്രേലിയയ്ക്ക് ഇല്ലാത്ത ഒന്നാണ്," ഗവാസ്കർ പറഞ്ഞു.
ആദ്യ പത്ത് ഓവറുകളിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കേണ്ടത് നിർണായകമാണെന്നും അല്ലാത്ത പക്ഷം ചേസ് ബുദ്ധിമുട്ടാകുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. 2023ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിന് ശേഷം ചൊവ്വാഴ്ച ഇന്ത്യയും ഓസ്‌ട്രേലിയയും തങ്ങളുടെ മത്സരം പുതുക്കാൻ ഒരുങ്ങുകയാണ്. ദുബൈയിലാണ് മാച്ച് നടക്കുന്നത്.