
മഴ രസംകൊല്ലിയായ ദ്വിദിന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ കെങ്കേമമാക്കി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. മഴമൂലം ആദ്യ ദിവസം ഒരു പന്തു പോലും എറിയാനായിരുന്നില്ല. എന്നാൽ രണ്ടാം ദിനം മത്സരം വൈകി തുടങ്ങിയതിനാൽ 46 ഓവർ വീതമുള്ള ഏകദിന ശൈലിയിലുള്ള മത്സരമാണ് സംഘടിപ്പിച്ചത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ എതിരാളികളെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 43.2 ഓവറിൽ 240 റൺസിന് പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ഓൾഔട്ടായി. 97 പന്തിൽ 107 റൺസുമായി സാം കോൺസ്റ്റാസ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന് മികച്ച തുടക്കം സമ്മാനിച്ചപ്പോൾ ഹാനോ ജേക്കബ്സ് (60), ജാക്ക് ക്ലേയ്ടൺ (40) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മത്സരത്തിൽ നാലു വിക്കറ്റുമായി പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത് ഇന്ത്യയുടെ യുവ പേസർ ഹർഷിത് റാണയായിരുന്നു. ആകാശ് ദീപും രണ്ട് വിക്കറ്റെടുത്തു.
മറുപടിയായി ഇന്ത്യ 46 ഓവറിൽ 257/5 എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ചു. ശുഭ്മാൻ ഗിൽ (50), യശസ്വി ജയ്സ്വാൾ (45), നിധീഷ് റെഡ്ഡി (42), വാഷിങ്ടൺ സുന്ദർ (42), രവീന്ദ്ര ജഡേജ (27) എന്നിവർ ഇന്ത്യൻ നിരയിൽ തിളങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമയ്ക്ക് (3) അവസരം ഫലപ്രദമായി വിനിയോഗിക്കാനായില്ല. ഓസീസ് ടീമിനായി ചാർലി ആൻഡേഴ്സൺ രണ്ട് വിക്കറ്റെടുത്തു.