
കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ നിന്ന് ഇന്ത്യ, ചൈന പിന്മാറ്റ നടപടികൾ പൂർത്തിയാക്കി. ഇരു രാജ്യങ്ങളുടെയും സേനകൾ അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിന് പിന്നാലെ ഈ മേഖലയിൽ സേനകൾ നടത്തിയ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. പ്രതിരോധ ഉപകരണങ്ങളും, സൈനിക വാഹനങ്ങളും തിരികെ ബേസ് ക്യാംപുകളിലേക്ക് കൊണ്ടുപോയി. ഇവയുടെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രധാനപ്പെട്ട പല ധാരണകളും ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്ങ് കൊൽക്കത്തയിൽ അറിയിച്ചു. ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സുഗമമായി മുന്നോട്ടുപോകുമെന്നും, ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഇവ നിയന്ത്രിക്കപ്പെടുകയോ, തടസപ്പെടുകയോ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും സു ഫെയ്ഹോങ്ങ് അറിയിച്ചു. രണ്ട് അയൽരാജ്യങ്ങൾ എന്ന നിലയിൽ, ഞങ്ങൾക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും പരിഹരിക്കണമെന്നതുമാണ് ഇവിടെ പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയാണ്, ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷീ ജീൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി ഇന്ത്യ പ്രഖ്യാപിച്ചത്. 2019ന് ശേഷമുള്ള ഇരുവരുടെയും ആദ്യ ഉഭയകക്ഷി ചർച്ചയായിരുന്നു അത്. ഇരു നേതാക്കളും ചർച്ചയെ സ്വാഗതം ചെയ്തു. അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്ന് പ്രധാനമന്ത്രി മോദി ഷീ ജിൻപിങ്ങിനോട് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്ന് ഷി ചിൻപിങും പറഞ്ഞിരുന്നു. ഒക്‌ടോബർ 21ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പുതിയ പട്രോളിംഗ് കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നയതന്ത്ര ബന്ധം വഷളായത്. സംഘർഷത്തിൽ 20 ഓളം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ചൈനയ്ക്കും ആക്രമണത്തിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി.
വ്യാഴാഴ്ച ദീപാവലി ദിനത്തിൽ ഇരു വിഭാഗങ്ങളിലെയും സൈനികർ പരസ്പരം മധുരപലഹാരങ്ങൾ കൈമാറുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി സൈന്യം പല വിധത്തിൽ പരിശോധന നടത്തും. താത്ക്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള മൂന്ന് ഘട്ട പ്രക്രിയയുടെ ആദ്യ പടിയാണിത്. സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ തുടങ്ങിയവയാണ് മറ്റ് ഘട്ടങ്ങൾ.