
ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് ശക്തമായ പിന്തുണ അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വീരേന്ദർ സെവാഗും ശിഖർ ധവാനുമാണ് ഇന്ത്യൻ സായുധ സേനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സമീപകാലത്തെ ആക്രമണങ്ങൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്ന് താരങ്ങൾ സമൂഹ മാധ്യമം വഴി പ്രതികരിച്ചു.
"നിശബ്ദരായി ഇരിക്കാൻ അവസരമുണ്ടായിട്ടും പാകിസ്ഥാൻ യുദ്ധം തെരഞ്ഞെടുത്തു. ഭീകരവാദ ആസ്തികൾ സംരക്ഷിക്കാനായി അവർ തീവ്രമായി പ്രവർത്തിച്ചു, അവയെപ്പറ്റി ഒരുപാട് സംസാരിച്ചു. പാകിസ്ഥാൻ ഒരിക്കലും മറക്കത്ത വിധം ഉചിതമായ രീതിയിൽ നമ്മുടെ സേന മറുപടി നൽകും", സെവാഗ് എക്സിൽ കുറിച്ചു.
മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും രാജ്യത്തെ നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു. "നമ്മുടെ അതിർത്തികൾ ഇത്രയും ശക്തിയോടെ സംരക്ഷിച്ചതിനും ജമ്മുവിലെ ഡ്രോൺ ആക്രമണം തടഞ്ഞതിനും നമ്മുടെ ധീരർക്ക് ആദരവ്. ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ജയ് ഹിന്ദ്!" ധവാൻ എക്‌സിൽ എഴുതി.
ഇന്ത്യയിലെ സത്വാരി, സാംബ, ആർഎസ് പുര, അർനിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാൻ എട്ട് മിസൈലുകൾ തൊടുത്തതായാണ് വ്യാഴാഴ്ച പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്. എല്ലാ പാക് മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം (എസ്-400) നിർവീര്യമാക്കി. അതിർത്തിയിലെ ഷെല്ലിങ്ങും സൈന്യം ശക്തമായി ചെറുത്തു. പാക് വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബിക്കാനീർ (രാജസ്ഥാൻ), ജലന്ധർ, അമൃത്സർ (പഞ്ചാബ്), ജമ്മു കശ്മീരിലെ കിഷ്ത്വാർ, അഖ്നൂർ, സാംബ, ജമ്മു എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഏപ്രിൽ 22-ന് പഹൽഗാമിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂറാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. പാകിസ്ഥാനിലും, പാക് അധീന കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയത്. മറുപടിയായി പാകിസ്ഥാനില പ്രധാന നഗരങ്ങളിലും കറാച്ചി തുറമുഖത്തിലും ഇന്ത്യൻ വ്യോമ-നാവിക സേനകൾ പ്രത്യാക്രമണം നടത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി ലഭിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.