'ഹീനമായ ആക്രമണം', 'വിദ്വേഷത്തിനെതിരെ ഒരുമിച്ചു നില്‍ക്കാം'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദുഃഖം പങ്കുവെച്ച് ക്രിക്കറ്റ് ലോകം

...സങ്കൽപ്പിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കടന്നുപോകുന്നത്...
'ഹീനമായ ആക്രമണം', 'വിദ്വേഷത്തിനെതിരെ ഒരുമിച്ചു നില്‍ക്കാം'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദുഃഖം പങ്കുവെച്ച് ക്രിക്കറ്റ് ലോകം
Published on



പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, വിരാട് കോഹ്ലി, ശുഭ്‌മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയാണ് ഭീകരാക്രമണത്തെ അപലപിച്ചും, മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചത്.

"പഹല്‍ഗാമില്‍ നിരപരാധികളായ ജനങ്ങള്‍ക്കു നേരെയുണ്ടായ ദാരുണമായ ആക്രമണം അതീവ ദുഃഖവും ഞെട്ടലുമുണ്ടാക്കി. സങ്കൽപ്പിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കടന്നുപോകുന്നത്. ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുകയും നീതിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ ഇരുണ്ട വേളയിൽ, ഇന്ത്യയും ലോകവും അവരോടൊപ്പം ഐക്യത്തോടെ നിൽക്കുന്നു." - സച്ചിന്‍ കുറിച്ചു.

"പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ടരുടെ കുടുംബത്തിനൊപ്പമാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും. കുറ്റവാളികള്‍ക്കെതിരെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടി ആവശ്യമാണ്. ഒരാളെയും വെറുതെ വിടരുത്." -ഗാംഗുലി കുറിച്ചു.

"പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കെതിരായ ആക്രമണം ഞെട്ടലുണ്ടാക്കി. ഇരകളായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. പ്രതീക്ഷയ്ക്കും മാനവികതയ്ക്കുമായി നമുക്ക് ഒന്നിച്ചുനില്‍ക്കാം." - യുവരാജ് സിംഗ്

"പഹല്‍ഗാമില്‍ നിരപരാധികളായ സഞ്ചാരികള്‍ക്കെതിരായ മാരക ആക്രമണം അതീവ വേദനയാകുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനങ്ങള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും, നീതി നടപ്പാകട്ടെയെന്നും പ്രാര്‍ഥിക്കുന്നു." -വി.വി.എസ് ലക്ഷ്മണ്‍

"പഹല്‍ഗാമിലെ ദാരുണമായ ആക്രമണത്തെക്കുറിച്ച് കേള്‍ക്കുന്നത് ഹൃദയഭേദകമാണ്. അര്‍ഥശൂന്യമായ അക്രമത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും സമാധാനവും ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു. വിദ്വേഷത്തിനെതിരെ നമുക്ക് ഒരുമിച്ച് നില്‍ക്കാം." - അനില്‍ കുംബ്ലെ

പഹല്‍ഗാമില്‍ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുണ്ടായ ഹീനമായ ആക്രമണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സമാധാനത്തിനും ആത്മധൈര്യത്തിനുമായി പ്രാര്‍ഥിക്കുന്നതിനൊപ്പം, ക്രൂരകൃത്യത്തില്‍ നീതി നടപ്പാകണമെന്നും കോഹ്‍ലി കുറിപ്പില്‍ പറയുന്നു.

"കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയം വേദനിക്കുന്നുവെന്നാണ് കെ.എല്‍. രാഹുല്‍ കുറിച്ചത്. ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. സമാധാനത്തിനും ശക്തിക്കും വേണ്ടി പ്രാര്‍ഥിക്കുന്നു." -രാഹുല്‍ കുറിച്ചു.

"പഹല്‍ഗാമിലെ ആക്രമണത്തെക്കുറിച്ച് കേട്ട് ഹൃദയം തകര്‍ന്നു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് എന്റെ പ്രാര്‍ഥനകള്‍. ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല."- ശുഭ്‌മാന്‍ ഗില്‍ കുറിച്ചു.

"നിരപരാധികൾക്ക് ജീവന്‍ നഷ്ടപ്പെടുമ്പോഴെല്ലാം മനുഷ്യത്വം നഷ്ടപ്പെടുന്നു. ഇന്ന് കശ്മീരില്‍ എന്താണ് സംഭവിച്ചതെന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് ഹൃദയഭേദകമാണ്. ഏതാനും ദിവസംമുന്‍പ് ഞാനും അവിടെയായിരുന്നു. ഈ വേദന വളരെ അടുത്ത് അനുഭവപ്പെടുന്നു" -ഇര്‍ഫാന്‍ പത്താന്‍

"ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം അഗാധമായി ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. സമാധാനം നിലനില്‍ക്കട്ടെ."- യൂസഫ് പത്താന്‍

"മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും. ഇന്ത്യ പ്രത്യാക്രമണം നടത്തും." -ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com