
ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പിഞ്ച് കുഞ്ഞടക്കമുള്ള നാല് രോഗികളെ ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ചികിത്സക്കായി കൊച്ചിയിലെത്തിച്ചു. ഇന്ന് വൈകീട്ട് മൂന്നരയോടെ ലക്ഷദ്വീപിലെ അധികൃതരിൽ നിന്നുള്ള അഭ്യർത്ഥന ലഭിച്ച ഉടൻ കൊച്ചി ദക്ഷിണ നേവൽ കമാൻഡ്, ജില്ലാ തീരദേശ ഹെഡ് ക്വാട്ടേർസ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിന്നും സേനയെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.
ലക്ഷദ്വീപിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഏഴുമണിയോടെ തന്നെ രക്ഷാപ്രവർത്തനത്തിനായുള്ള വിമാനങ്ങൾ അഗത്തിയിൽ എത്തി. പിന്നീട് രോഗികളെ സുരക്ഷിതമായി അഗതിയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി രോഗികളെ കൊച്ചിയിലെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു.