
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഓസി) ഡിജിഎം(ഡെപ്യൂട്ടി ജനറൽ മാനേജർ) കൈക്കൂലിയുമായി പിടിയിൽ. എറണാകുളം സ്വദേശിയായ അലക്സ് മാത്യുവാണ് പിടിയിലായത്. കൈക്കൂലി വാങ്ങാൻ വേണ്ടിയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയതെന്നും അന്വേഷണസംഘം അറിയിച്ചു.
20 ലക്ഷത്തിന് പുറമേ ഇയാളുടെ കാറിൽ നിന്ന് വിജിലൻസ് 1 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. അലക്സ് മാത്യു മറ്റാരുടേയോ കയ്യിൽ നിന്നു കൂടി കൈക്കൂലി വാങ്ങിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വിജിലൻസിൻ്റെ പിടിയിലായതിന് പിന്നാലെ പ്രതിയുടെ എറണാകുളം കടവന്ത്രയിലുള്ള വീട്ടിലും പരിശോധന നടത്തിവരികയാണ്.
തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് 1ആണ് ഇയാളെ പിടികൂടിയത്. 2 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ വിജിലൻസിൻ്റെ പിടിയിലാകുന്നത്. സ്വകാര്യ ഗ്യാസ് ഏജൻസി ഉടമയുടെ വീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് ഗ്യാസ് ഏജൻസി നടത്തുന്ന പരാതിക്കാരനായ മനോജിൽ നിന്ന് ഇയാൾ പല തവണ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തേയും പണം കൊടുത്തിട്ടുണ്ടെന്ന് മനോജ് വെളിപ്പെടുത്തി.
കസ്റ്റമേഴ്സ് മറ്റ് ഗ്യാസ് ഏജൻസികൾ തേടി പോകാതിരിക്കാൻ വേണ്ടിയാണ് ഇയാൾ തുക ആവശ്യപ്പട്ട് കൊണ്ട് ഇരുന്നതെന്ന് മനോജ് പറഞ്ഞു. ഇന്ന് വിളിച്ച് 10 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രതി ആവശ്യപ്പെട്ടത്.തുടർന്നാണ് മനോജ് വിജിലൻസിൽ പരാതിപ്പെടുന്നത്. പരാതി നൽകിയതിന് ശേഷം അഡ്വാൻസ് തുകയായി 2 ലക്ഷം രൂപ കൈപ്പറ്റുന്നതിന് മനോജിൻ്റെ കവടിയാറിലുള്ള പണ്ഡിത് നഗറിലുള്ള വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ വിജിലൻസിൻ്റെ പിടിയിലാകുന്നത്. പ്രതി സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണെന്ന പരാതിയും ഇതിന് പിന്നാലെ കിട്ടിയിട്ടുണ്ട്.
ഭാര്യയുടെ പേരിൽ കടയ്ക്കലിൽ 2002 ൽ തുടങ്ങിയ ഒരു ഗ്യാസ് ഏജൻസിയുണ്ട്.കമ്പനി പറയുംപോളെ തന്നെയാണ് നടത്തിക്കൊണ്ട് പോകുന്നത്. 2013 മുതൽ അലക്സ് മാത്യു കൊല്ലം പ്ലാൻ്റേഷനിൽ ഉണ്ട്. ആ സമയത്ത് ലോഡ് വരുന്നതിൽ ഷോർട്ടേജ് ഉണ്ടായാൽ, തന്നെ പേർസണലായി വന്നു കാണാണമെന്ന് അലക്സ് മാത്യു പറഞ്ഞിട്ടുണ്ട്.
ഇതുപ്രകാരം നിരവധി തവണ ഇയാളെ പോയി കണ്ടിട്ടുണ്ട്. ഓരോ ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിക്കൊണ്ടിരുന്ന പണം ഇതുവരെ തിരിച്ചുതന്നിട്ടില്ല. 10 ലക്ഷം രൂപ തന്നില്ലെങ്കിൽ മനോജിൻ്റെ ഏജൻസിക്ക് കീഴിലുള്ള വരുന്ന കസ്റ്റമേഴ്സിനെ മറ്റ് ഏജൻസിയിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തി. കുറച്ച് കസ്റ്റമേഴ്സിനെ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ, തന്നെ അന്ന് വേണ്ട വിധം കണ്ടിരുന്നെങ്കിൽ ഇത് പരിഹരിക്കാമായിരുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്തു. ഇനിയും സമയം ഉണ്ട് വന്ന് കാണാണമെന്ന് അറിയിക്കുകയും ചെയ്തു. പണം തരാൻ ഇല്ലെന്നും, സാറിൻ്റെ ഇഷ്ടം പോലെ ചെയ്യൂ എന്നും പറഞ്ഞു. പിന്നീട് വീണ്ടും വിളിക്കാൻ തുടങ്ങി. ഇന്ന് രാവിലെ വിളിച്ചപ്പോൾ തുക ആവശ്യപ്പെടുകയും, ഇല്ലെങ്കിൽ വീണ്ടും കസ്റ്റമേഴ്സിനെ മാറ്റുമെന്നും പറഞ്ഞു. കാണാം നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞാണ് ഫോൺ വച്ചത്. നിവൃത്തിക്കേട് കൊണ്ടാണ് പരാതിപ്പെടേണ്ടി വന്നതെന്നും പരാതിക്കാരനായ മനോജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.