മമ്മൂട്ടിയെ കാണാനെത്തി ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയൻ മന്ത്രി; ഫാന്‍സ് അസോസിയേഷന്റെ പഴയ ആളാണെന്ന് പരിചയപ്പെടുത്തി താരം

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച ജിന്‍സണെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും അത് അഭിമാന നിമിഷമായി മാറി.
മമ്മൂട്ടിയെ കാണാനെത്തി ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയൻ മന്ത്രി; ഫാന്‍സ് അസോസിയേഷന്റെ പഴയ ആളാണെന്ന് പരിചയപ്പെടുത്തി താരം
Published on
Updated on


ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി തന്റെ ആരാധനപാത്രമായ മമ്മൂട്ടിയെ കാണാന്‍ എത്തി. 'നമ്മുടെ ഫാന്‍സ് അസോസിയേഷന്റെ പഴയ ആളാണെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി കോട്ടയം സ്വദേശി ജിന്‍സണ്‍ ആന്റോ ചാള്‍സിനെ പരിചയപ്പെടുത്തിയത്. മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയപ്പോഴാണ് ജിന്‍സണ്‍ ആന്റോ ചാള്‍സ് മമ്മൂട്ടിയെ കാണാന്‍ എത്തിയത്.



ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം നാട്ടിലെത്തിയ ജിന്‍സണ്‍ ആൻ്റോ, തന്റെ ജീവിതത്തില്‍ മാര്‍ഗദര്‍ശിയായി നിന്ന നടന്‍ മമ്മൂട്ടിയെ കാണാന്‍ തിരക്കിനിടയിലും ഓടിയെത്തുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച ജിന്‍സണെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും അത് അഭിമാന നിമിഷമായി മാറി.

കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു കൂടിക്കാഴ്ച. മറ്റൊരു രാജ്യത്തിന്റെ ഭരണത്തലപ്പത്തേക്ക് എത്തിയ ജിന്‍സനെ മമ്മൂട്ടി അഭിനന്ദിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം പ്രിയതാരവുമായുള്ള ആദ്യ സന്ദര്‍ശനമായതിനാല്‍, ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക കത്തും ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി.

സിനിമയുള്‍പ്പെടെ ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം സ്വീകരിച്ച മമ്മൂട്ടി, എത്രയും പെട്ടെന്ന് ഓസ്‌ട്രേലിയയിലെത്താമെന്ന ഉറപ്പും ജിന്‍സണ് നല്‍കി. വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യ ദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍, കോട്ടയം പാലാ സ്വദേശിയാണ്. ഓസ്ട്രേലിയയിലേക്ക് കൊച്ചിയില്‍നിന്ന് നേരിട്ട് വിമാനസര്‍വീസ് തുടങ്ങുന്നതിനായി ശ്രമം നടത്താന്‍ കഴിയില്ലേ എന്നായിരുന്നു പഴയ ആരാധകനോട് മമ്മൂട്ടിയുടെ ആദ്യ ചോദ്യം. ജീവിതത്തില്‍ ഏറെ കടപ്പാടും സ്‌നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും നടനപ്പുറം ലോകമറിയാതെ അദ്ദേഹം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ജിന്‍സണ്‍ ആന്റോ ചാള്‍സ് പ്രതികരിച്ചു.



2007ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സാ പദ്ധതിക്ക് രൂപം കൊടുത്തപ്പോള്‍ ആശുപത്രിയില്‍ നിന്നുള്ള വിദ്യാര്‍ഥി വളൻ്റിയർമാരെ നയിച്ചത് നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന ജിന്‍സണ്‍ ആയിരുന്നു. പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും മമ്മൂട്ടിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി തന്നെ ജിന്‍സണ്‍ തുടര്‍ന്നു. ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സണെ മമ്മൂട്ടി യാത്രയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com