
ഇറ്റലിയിൽ അടിമകളായിരുന്ന 33 ഇന്ത്യൻ കർഷക തൊഴിലാളികളെ ഇറ്റാലിയൻ പൊലീസ് മോചിപ്പിച്ചു. വടക്കൻ വേറോണ പ്രവിശ്യയിൽ അടിമകളെപ്പോലെയുള്ള തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടി വന്ന കർഷകരെയാണ് പൊലീസ് മോചിപ്പിച്ചത്. ജൂണിൽ പഴം പറിക്കാനിറങ്ങിയ ഇന്ത്യൻ തൊഴിലാളി യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലാളി ചൂഷണം ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപെട്ടത്. ചിലർക്ക് ഫാമുകളിൽ കൂലിയില്ലാതെ പണിയെടുക്കേണ്ടി വന്നിരുന്നെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഗ്യാങ്ങ് ലീഡർമാരാണ് കർഷകരെ നല്ല തൊഴിൽ വാഗ്ദാനം ചെയ്ത് ഇറ്റലിയിലെത്തിച്ചത്. ഇവരിൽ നിന്നും 15 ലക്ഷത്തോളം (17,000 യൂറോ) രൂപ വാങ്ങിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്ക് ആഴ്ചയിൽ ഏഴ് ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ഫാമുകളിൽ പണിയെടുക്കേണ്ടി വന്നിരുന്നു. മണിക്കൂറിന് വെറും നാല് യൂറോയായിരുന്നു ഇവരുടെ കൂലി. കുടിയേറ്റക്കാരെ അടിമകളെ പോലെയായിരുന്നു തൊഴിലുടമകൾ കണ്ടിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഇതിന് പുറമെ 11 ലക്ഷത്തോളം വിലമതിക്കുന്ന സ്ഥിര വർക്ക് പെർമിറ്റ് ലഭിക്കാനായി സൗജന്യമായി ജോലി ചെയ്യാൻ ചില തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാജ വാഗ്ദാനമായിരുന്നെന്നും പൊലീസ് ചൂണ്ടികാട്ടി. അടിമത്തം, തൊഴിൽ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് തൊഴിലുടമകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഇരകൾക്ക് സംരക്ഷണം, ജോലി അവസരങ്ങൾ, നിയമപരമായ റെസിഡൻസി പേപ്പറുകൾ എന്നിവ നൽകുമെന്ന് പൊലീസ് ഉറപ്പ് നൽകി. മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തന്നെ ഇറ്റലിയിലും തൊഴിലാളി ക്ഷാമം വർദ്ധിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളികളിലൂടെയാണ് ഇത് പലപ്പോഴും നികത്തപ്പെടുന്നത്.