ഹമാസ് അജണ്ട പ്രചരിപ്പിച്ചുവെന്ന് ആരോപണം; ഇന്ത്യൻ ഗവേഷക വിദ്യാർഥി യുഎസിൽ അറസ്റ്റിൽ

അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥിക്കെതിരെ യുഎസിൻ്റെ നാടുകടത്തൽ ഭീഷണിയും നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
ഹമാസ് അജണ്ട പ്രചരിപ്പിച്ചുവെന്ന് ആരോപണം; ഇന്ത്യൻ ഗവേഷക വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
Published on

ഹമാസ് അജണ്ട പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ ഗവേഷക വിദ്യാർഥി യുഎസിൽ അറസ്റ്റിൽ. ഇന്ത്യൻ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെയാണ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സൂരിയെ വിർജീനിയയിലുള്ള തൻ്റെ വീടിൽ വച്ച് അറസ്റ്റ് ചെയ്തുവെന്ന് പൊളിറ്റിക്കോയെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥിക്കെതിരെ യുഎസിൻ്റെ നാടുകടത്തൽ ഭീഷണിയും നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


അറസ്റ്റ് ചെയ്യാനെത്തിയവർ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും, ബദർ ഖാൻ സൂരിയുടെ വിസ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു. ഹമാസ് അജണ്ട പ്രചരിപ്പിച്ചുവെന്ന കുറ്റമാണ് സൂരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇയാൾക്ക് അറിയപ്പെടുന്നതോ തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്നതോ ആയ ഒരു വ്യക്തിയുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു.

ബദർ ഖാൻ സൂരി ജോർജ്ജ്‌ടൗൺ യൂണിവേഴ്‌സിറ്റിയിലെ ഫോറിൻ എക്‌സ്‌ചേഞ്ച് വിദ്യാർഥിയാണ്. 2020-ലാണ് ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്റ്റ് റെസല്യൂഷനിൽ നിന്ന് പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയ വഴി ഹമാസ് അജണ്ട സജീവമായി പ്രചരിപ്പിക്കുകയും, ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ എക്‌സിൽ കുറിച്ചു.


"ഡോ: ഖാൻ സൂരി ഒരു ഇന്ത്യൻ പൗരനാണ്, ഇറാഖിലും അഫ്ഗാനിസ്ഥാനിലും സമാധാന നിർമാണത്തെക്കുറിച്ചുള്ള ഡോക്ടറൽ ഗവേഷണം തുടരുന്നതിനായാണ് അമേരിക്കയിലെത്തിയത്", ജോർജ്ജ്ടൗൺ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി ഞങ്ങൾക്ക് അറിയില്ല, കൂടാതെ അദ്ദേഹത്തെ തടങ്കലിൽ വച്ചതിന് ഒരു കാരണവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ആരോപണങ്ങൾ വിവാദപരമോ ആക്ഷേപകരമോ ആണെങ്കിൽ പോലും, സ്വതന്ത്രമായ അന്വേഷണം, ചർച്ച, സംവാദം എന്നിവയ്ക്കുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങളുടെ അവകാശങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു. നിയമവ്യവസ്ഥ ഈ കേസിൽ നീതിപൂർവ്വം വിധി പറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ജോർജ്ജ്ടൗൺ വക്താവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com