
ന്യൂയോർക്ക് അൽബാനിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആന്ധ്ര പ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ചിത്യാലയിൽ നിന്നുള്ള 26കാരനായ സായി സൂര്യ അവിനാഷ് ഗഡ്ഡെയാണ് മരിച്ചത്. ജൂലൈ ഏഴിനായിരുന്നു അപകടം. ഇത്തരം ദുരന്തങ്ങൾ പരമ്പരയാവുകയാണെന്നും ന്യൂയോർക്കിലെ ഇന്ത്യൻ ജനതയെ പിടിച്ചുലക്കുകയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചൂണ്ടികാട്ടി.
ന്യൂയോർക്കിലെ ട്രൈൻ സർവകലാശാലയിലെ വിദ്യാർഥിയാണ് മരണപ്പെട്ട അവിനാഷ് ഗഡ്ഡെ. ജൂലൈ ഏഴിന് മൂത്ത സഹോദരിയുടെ കുടുംബത്തോടൊപ്പം വിദ്യാർഥി സുഹൃത്തിൻ്റെ വീട്ടിൽ പോയിരുന്നു. അവിടെ നിന്ന് ഇരു കുടുംബങ്ങളിലെയും അംഗങ്ങൾ ഒരുമിച്ച് സമീപത്തെ വെള്ളച്ചാട്ടം കാണാൻ പോയി. സ്ഥലത്തെത്തിയ അവിനാഷ് അബദ്ധത്തിൽ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയും മരണപ്പെടുകയുമായിരുന്നു.
അവിനാഷിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രംഗത്തെത്തി. വിദ്യാർഥിയുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് എൻഒസി നൽകുന്നതുൾപ്പെടെ ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് ജനറലിൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ പറയുന്നു.
അതേസമയം അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരുടെ മരണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ മാസം യുഎസിലെ ടെക്സാസിലെ ഡാളസിലെ പ്ലസൻ്റ് ഗ്രോവിലുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ നടന്ന മോഷണത്തിനിടെ 32 കാരനായ ദാസരി ഗോപീകൃഷ്ണ വെടിയേറ്റു മരിച്ചിരുന്നു. ഇതോടെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അമേരിക്കയിൽ
പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്.