ട്രംപിന്റെ നാടുകടത്തല്‍ ഭീഷണി; പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

പാര്‍ട്ട് ടൈം ജോലിക്ക്, നിയമന ഉത്തരമോ മറ്റു രേഖകളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നത്
ട്രംപിന്റെ നാടുകടത്തല്‍ ഭീഷണി; പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
Published on



യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപടി ശക്തമാക്കുന്ന സാഹചര്യത്തില്‍, പാര്‍ട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ചെലവേറിയ പഠനാവശ്യങ്ങള്‍ നിറവേറ്റാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നവരാണ് ട്രംപിന്റെ നാടുകടത്തല്‍ ഭീഷണിയില്‍ ജോലി വിടാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി രാജ്യത്ത് തുടരുന്നവരെയും, നിയമ ലംഘകരെയും അറസ്റ്റുചെയ്ത് നാടുകടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിനോടകം നൂറുകണക്കിനാളുകള്‍ അറസ്റ്റിലായിട്ടുമുണ്ട്. പാര്‍ട്ട് ടൈം ജോലിക്ക്, നിയമന ഉത്തരമോ മറ്റു രേഖകളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഏറെപ്പേരും വായ്പയെടുത്തും മറ്റുമാണ് യുഎസില്‍ ഉപരിപഠനത്തിന് എത്തിയിരിക്കുന്നത്. താമസവും, പഠനചെലവും ഉള്‍പ്പെടെയാകുമ്പോള്‍ സാമ്പത്തികബാധ്യത ഏറും. അതിനെ മറികടക്കാനാണ് പഠനത്തിനൊപ്പം ജോലിയും ചെയ്യുന്നത്. എഫ് 1 വിസയില്‍ എത്തിയ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ജോലി ചെയ്യാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പലരും റെസ്റ്റോറന്റുകള്‍, കഫേ, പെട്രോള്‍ പമ്പുകള്‍, റീട്ടെയ്ല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ കാമ്പസിനു പുറത്തും ജോലി ചെയ്യുന്നുണ്ട്. മണിക്കൂറിന് അഞ്ച് മുതല്‍ ഏഴ് ഡോളര്‍ വരെ പ്രതിഫലത്തില്‍ അഞ്ചും ആറും മണിക്കൂറൊക്കെയാണ് പലരും ജോലി ചെയ്യുന്നത്. എന്നാല്‍, ഇമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍, പഠനവും ഭാവിയും അപകടത്തിലാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജോലി ഉപേക്ഷിക്കുന്നത്.

ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പ്രഖ്യാപിച്ചാണ് ട്രംപ് അധികാരമേറ്റത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടിയാകും ഉണ്ടാവുകയെന്ന് ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി, കഴിഞ്ഞദിവസങ്ങളില്‍ അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com