നാടുകടത്തല്‍ ഭീഷണിയില്‍ ഇന്ത്യന്‍-അമേരിക്കന്‍ കുടിയേറ്റക്കാർ

'ഡോക്യുമെൻ്റഡ് ഡ്രീമേഴ്‌സ്' എന്നറിയപ്പെടുന്ന ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ജനിച്ച്, കുട്ടികളായിരിക്കെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎസിലേക്ക് കുടിയേറിയവരാണ്
നാടുകടത്തല്‍ ഭീഷണിയില്‍ ഇന്ത്യന്‍-അമേരിക്കന്‍ കുടിയേറ്റക്കാർ
Published on

യുഎസില്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട് രണ്ടര ലക്ഷത്തോളം ഇന്ത്യന്‍ - അമേരിക്കന്‍ കുടിയേറ്റക്കാർ. നിയമപരമായി കുടിയേറിയ ഇന്ത്യക്കാരുടെ കുട്ടികളാണ് 21 വയസ് തികയുന്നതോടെ യുഎസ് വിടാന്‍ നിർബന്ധിതരാകുന്നത്. 'ഡോക്യുമെൻ്റഡ് ഡ്രീമേഴ്‌സ്' എന്നറിയപ്പെടുന്ന ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ജനിച്ച്, കുട്ടികളായിരിക്കെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎസിലേക്ക് കുടിയേറിയവരാണ്. എന്നാല്‍ 21 വയസ് തികയുന്നതോടെ ആശ്രിത വിസയില്‍ താമസിക്കാനുള്ള പ്രായപരിധി അവസാനിക്കും. ഇത്തരത്തില്‍ അമേരിക്കയിൽ കുടിയേറിയ രണ്ടര ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരാണ് യുഎസില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.

ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി നിയമപ്രകാരം, 21 വയസിന് താഴെ പ്രായമുള്ളവർക്കും അവിവാഹിതർക്കുമാണ് ദീർഘകാല വിസയുള്ളവരുടെ ആശ്രിത പദവിയില്‍ തുടരാവുന്നത്. ഈ സമയപരിധിക്കുള്ളില്‍ സ്ഥിരതാമസവകാശമായ ഗ്രീന്‍ കാർഡ് നേടാത്ത പക്ഷം യുഎസില്‍ തുടരാനാവില്ല.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് കണക്ക് പ്രകാരം, ആശ്രിത വിഭാഗമുള്‍പ്പടെ, 1.2 ദശലക്ഷം ഇന്ത്യക്കാരാണ് നിലവില്‍ സ്ഥിര താമസവകാശമായ ഗ്രീന്‍ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. താത്കാലിക വിസ നേടി നാടുകടത്തല്‍ നീട്ടിവെക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ പരിഹാരമായി മുന്നിലുള്ളത്.

ഡോക്യുമെൻ്റഡ് ഡ്രീമേഴ്‌സിന്‍റെ ആവശ്യങ്ങള്‍ക്കായി പ്രവർത്തിക്കുന്ന ഇംപ്രൂവ് ദി ഡ്രീം അടക്കം സംഘടനകളുടെ ആവശ്യപ്രകാരം, ഇക്കഴിഞ്ഞ ജൂൺ 13ന്, കുടിയേറ്റം, പൗരത്വം, അതിർത്തി സുരക്ഷ എന്നിവ സംബന്ധിച്ച സെനറ്റ് ജുഡീഷ്യറി സബ് കമ്മിറ്റിയുടെ ചെയർമാനായ സെനറ്റർ അലക്‌സ് പാഡില്ലയുടെ നേതൃത്വത്തിൽ 43 സെനറ്റ് അംഗങ്ങളുടെ ഉഭയകക്ഷി സംഘം വിഷയത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഗ്രീന്‍ കാർഡിനുവേണ്ടി അപേക്ഷിച്ച് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയടക്കം പരാമർശിക്കുന്നതായിരുന്നു കത്ത്. യുഎസില്‍ പഠിച്ചുവളർന്ന് ബിരുദം വരെയെത്തുന്ന കുട്ടികളെ ഒരു സുപ്രഭാതത്തില്‍ നാടുകടത്തുന്നത് മനുഷ്യാവകാശ വിഷയമാണെന്നാണ് ഉഭയകക്ഷി സമിതിയുടെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com