
ഇന്ത്യൻ കോച്ചായി നിയമിതനായ ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യയുടെ ആദ്യ പര്യടനം ശ്രീലങ്കയിലേക്കാണ്. ഗംഭീറിന്റെ പരിശീലന മികവിന് കീഴിൽ ലങ്കയിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 26നാണ് ആദ്യ ടി20 മത്സരം തുടങ്ങുന്നത്. ജൂലൈ 26, 27, 28 തീയതികളിലാണ് ടി20 മത്സരങ്ങൾ നടക്കുന്നത്.
ഏകദിന മത്സരങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനാണ് തുടക്കമാകുന്നത്. ഓഗസ്റ്റ് 1, 4, 7 തീയതികളിലാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങൾ നടക്കുക. മുൻ കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ വിജയകരമായ കാലഘട്ടമാണ് ടീം ഇന്ത്യയ്ക്ക് വന്നു ചേർന്നത്. രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വരെയെത്തിയെങ്കിലും ലോക കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി.
ഐസിസി കിരീടങ്ങൾ മാത്രമകന്ന് നിന്നെങ്കിലും, രാഹുൽ ദ്രാവിഡിന്റെ അക്കാഡമിക്ക് കീഴിൽ നിരവധി യുവതാരങ്ങൾക്ക് ദേശീയ ടീമിൽ അവസരം ലഭിച്ചിരുന്നു. ഓരോ ഫോർമാറ്റിനും യോജിച്ച യുവനിരയെ സജ്ജമാക്കാൻ രാഹുൽ ദ്രാവിഡ് പരിശ്രമിച്ചിരുന്നെങ്കിലും ബിസിസിഐയുടേയും സീനിയർ താരങ്ങളുടേയും സെലക്ടർമാരുടേയും പൂർണ പിന്തുണയുറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.