
മലയാളിയായ ഹോക്കി താരം ഒളിംപ്യൻ പി.ആർ. ശ്രീജേഷ് വിരമിക്കുന്നു. പാരീസ് ഒളിംപിക്സിന് ശേഷം അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ശ്രീജേഷ് പ്രഖ്യാപിച്ചു.
36ാം വയസിലാണ് മലയാളികളുടെ യശസ്സുയർത്തിയ അഭിമാന താരം വിരമിക്കാനൊരുങ്ങുന്നത്. ഇതുവരെ 328 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പറാണ് ശ്രീജേഷ്. ഖേൽരത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ താരം കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ ഒളിംപിക്സിൻ്റെ സെമി ഫൈനലിൽ ബ്രിട്ടനെ തോൽപ്പിച്ച് വെങ്കല മെഡൽ നേടിയ ടീമിൻ്റെ നായകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീജേഷിൻ്റെ മിന്നുന്ന സേവുകളുടെ കരുത്തിൽ കൂടിയായിരുന്നു ഇന്ത്യൻ ഹോക്കി ടീം ചരിത്ര മെഡലുമായി തിരിച്ചെത്തിയത്.