
ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. 2060 ആകുമ്പോഴേക്കും ഇന്ത്യൻ ജനസംഖ്യ 1.7 ബില്യൺ വരെ എത്തുമെന്നും, പിന്നീട് അത് 12 ശതമാനം വരെ കുറയുമെന്നുമാണ് കണ്ടെത്തൽ. 2100 വരെ ഈ നില തന്നെ തുടരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നത്. നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നിലവിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചൈനയ്ക്ക് 2024നും, 2054നും ഇടയ്ക്ക് ജനസംഖ്യയിൽ ഇടിവ് ഉണ്ടാകും. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിക്കുന്ന ജനസംഖ്യ തൊഴില്‍, സാമ്പത്തിക വികസനം, ദാരിദ്ര്യം, വരുമാന വിതരണം, സാമൂഹ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സാരമായി ബാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പാർപ്പിടം, വെള്ളം, ഭക്ഷണം, ഊർജം എന്നിവയുടെ കാര്യത്തിലും സമാനമാകും സ്ഥിതി. ഭാവി തലമുറകള്‍ക്ക് കൂടുതല്‍ സുസ്ഥിരവും, സൗഹൃദപരവുമായ ലോകക്രമത്തിന് അത് സൃഷ്ടിക്കുന്ന തടസങ്ങള്‍ വലുതായിരിക്കും.
ജനങ്ങളാണ് രാജ്യത്തിൻ്റെ സമ്പത്ത്. ഒരു രാജ്യത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ ഘടനയെ രൂപപ്പെടുത്തുന്നതും അവിടത്തെ ജനങ്ങളാണ്. എന്നാല്‍, അനിയന്ത്രിതമായി ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. വിഭവങ്ങളുടെ പങ്കുവെക്കലും വിതരണവുമൊക്കെ കൃത്യമായി ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ വരും. ദാരിദ്ര്യം, പട്ടിണി പോലുള്ള സാമൂഹികാഘാതങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കിടയിൽ അസമത്വം വളരാനും അത് കാരണമാകും. ക്രമാതീതമായി ഉയരുന്ന ജനസംഖ്യ മനുഷ്യ വര്‍ഗത്തിനാകെ ഭീഷണിയാണെന്ന കാര്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.