
പരിധികളില്ലാത്ത സ്നേഹത്തിൻ്റ അടയാളമായ മഴവിൽ കൊടികൾ കൈയ്യിലേന്തി തെരുവുകളിലേക്കിറങ്ങാൻ ലോകം ഒരുങ്ങുകയാണ്. ക്വീർ സമൂഹത്തിൻ്റെയും അവരെ പിന്തുണക്കുന്നവരുടെയും ഒത്തുചേരലിനും ആഘോഷങ്ങൾക്കും പരേഡുകൾക്കും ജൂൺ മാസം സാക്ഷിയാവും. LGBT അവകാശങ്ങൾ നേടിയെടുക്കുന്നതിൽ വലിയ വഴിതിരിവായ സ്റ്റോൺവാൾ ലഹളയുടെ ഓർമക്കായാണ് ജൂണിൽ പ്രൈഡ് മാസം ആഘോഷിക്കപ്പെടുന്നത്. പ്രൈഡ് മാസത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ഏകദേശം 21 നഗരങ്ങളിലായി ആയിരങ്ങൾ പങ്കെടുക്കുന്ന വമ്പൻ ആഘോഷങ്ങളും റാലികളുമാണ് അരങ്ങേറാറുള്ളത്. അന്തരാഷ്ട്രതലത്തിൽ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ക്വീർ ആക്ടിവിസം വളരെ ചെറുപ്പമാണ്. എന്നാൽ കുറഞ്ഞ കാലയളവിൽ തന്നെ രാജ്യത്തെ ക്വീർ ആക്ടിവിസത്തിന് പ്രചാരവും സ്വീകാര്യതയും ലഭിക്കാൻ തുടങ്ങിരുന്നു. ഇന്ത്യയിലെ ക്വീർ കമ്മ്യൂണിറ്റി ചരിത്രത്തിലെ നാഴികകല്ലായ കൊൽക്കത്ത പ്രൈഡ് വാക്കിന് ഈ വർഷം 25 വയസ്സ് തികയുകയാണ്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ സ്വവർഗലൈംഗികതയെ ക്രിമിനൽ കുറ്റമായി കണക്കാക്കിയിരുന്ന കാലം. അന്ന് ഒരു കൂട്ടം ആളുകൾ ക്വീർ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും 'ഗേ ലിബറേഷൻ ദിനം' ആചരിക്കുന്നതിനുമായി ഒരു പ്രൈഡ് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ LGBTQ+ ഗ്രൂപ്പ് കൺവീനർ ഉവൈസ് ഖാൻ്റെ നിർദ്ദേശത്തിലായിരുന്നു പദയാത്ര സംഘടിപ്പിക്കാമെന്ന് കമ്മ്യൂണിറ്റി തീരുമാനിച്ചത്. അന്താരാഷ്ട്ര നഗരങ്ങളിൽ നടന്ന പ്രൈഡ് പരേഡുകളായിരുന്നു ഉവൈസ് ഖാൻ്റെ പ്രചോദനം. എന്നാൽ ഗ്രൂപ്പിനുള്ളിൽ തന്നെ പരേഡിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരാൻ തുടങ്ങി.
പ്രൈഡ് മാർച്ചിൻ്റെ കമ്മ്യൂണിക്കേഷൻ അംഗമായിരുന്ന റഫീഖൽ ഹക്ക് ദൗജക്കെതിരെ പാശ്ചാത്യ ആശയങ്ങൾ കോപ്പിയടിക്കുകയാണെന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നുമുൾപ്പെടെയുള്ള വിമർശനങ്ങളെത്തി. എന്നാൽ ഉവൈസ് ഖാനും സംഘവും തീരുമാനത്തിൽ നിന്നും പിന്നോട്ടാഞ്ഞില്ല. താൻ ഒറ്റക്കാണെങ്കിൽ പോലും ഈ മാർച്ച് നടക്കുമെന്ന് ഉവൈസ് ഖാൻ ഉറപ്പിച്ചു പറഞ്ഞു. ഇൻ്റർനെറ്റ് അത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് മാർച്ചിനെ കുറിച്ച് ആളുകളെ അറിയിക്കുന്നതും പരിപാടി സംഘടിപ്പിക്കുന്നതും വലിയ വെല്ലുവിളി തന്നെയായിരുന്നു. മെയിലുകളയച്ചും ടെലിഫോൺ കോളുകൾ വഴിയും പരാമാവധി ആളുകളിലേക്ക് കാര്യങ്ങളെത്തിക്കാൻ ഗ്രൂപ്പ് ശ്രമിച്ചു. കൊൽക്കത്തയുടെ ഫെമിനിസ്റ്റ്, ദളിത് അവകാശ സമരങ്ങളുടെ ചരിത്രമായിരിക്കണം നഗരത്തെ പ്രൈഡ് മാർച്ച് വേദിയാക്കാൻ സംഘത്തെ പ്രേരിപ്പിച്ചത്. ശ്രമങ്ങൾ വിഫലമായില്ല, ചരിത്രത്തിൻ്റെ ഭാഗമായി മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും കൊൽക്കത്തയിലേക്ക് ആളുകളെത്തി.
അങ്ങനെ ഇന്ത്യയിലെ, സൗത്ത് ഏഷ്യയിലെ ആദ്യ പ്രൈഡ് മാർച്ച് 1999 ജൂലൈ രണ്ടിന് കൊൽക്കത്ത നഗരത്തിലെ പാർക്ക് സർക്കസ് മൈതാനിയിൽ നടന്നു. അന്ന് പ്രൈഡ് മാർച്ചെന്ന് വിളിച്ചിരുന്നെങ്കിൽ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ടായിരിക്കണം സംഘാടകർ മാർച്ചിനെ 'ദി ഫ്രണ്ട്ഷിപ്പ് വാക്ക്' എന്ന് വിളിക്കാൻ തീരുമാനിച്ചത് . പിറ്റേന്ന് പിങ്ക് ത്രികോണങ്ങളൾക്കൊപ്പം 'വാക്ക് ഓഎ ദി റെയിൻബോ' എന്ന് അച്ചടിച്ച മഞ്ഞ ടീഷർട്ടുകളണിഞ്ഞ പതിനഞ്ച് യുവാക്കളുടെ ചിത്രമായിരുന്നു ദേശീയ പത്രങ്ങളുടെ മുൻ പേജിൽ . ഇന്ത്യ മുഴുവൻ റാലിയെ കുറിച്ച് അറിയിക്കാൻ ഗ്രൂപ്പ് ശ്രമിച്ചിരുന്നെങ്കിലും ഒരു സ്ത്രീ അന്ന് പോലും ആ യാത്രയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ നാല് വർഷത്തിന് ശേഷം നടന്ന രണ്ടാം കൊൽക്കത്ത പ്രൈഡ് മാർച്ചിലും പിന്നീട് കൊൽക്കത്ത പ്രൈഡ് ഫെസ്റ്റിവലിൻ്റെ (KPRF) കീഴിൽ വർഷാവർഷം നടന്ന മാർച്ചുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു വന്നു. കൊൽക്കത്ത പ്രൈഡ് വാക്കിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൈഡ് മാർച്ച് മറ്റൊരു രാജ്യത്താണോ എന്ന് തോന്നിപോയെന്നാണ് ഉവൈസ് ഖാനും കൂട്ടരും പറഞ്ഞത്. അന്ന് വെറും പതിനഞ്ച് പേരാണ് റാലിയിൽ പങ്കെടുത്തതെങ്കിൽ ഇന്ന് ആയിരങ്ങളാണ് കൊൽക്കത്തയിൽ അണിനിരക്കുന്നത്.
ഇന്ത്യയിൽ ഏകദേശം രണ്ടര മില്ല്യൺ ക്വീർ ആളുകളും 125 മില്ല്യൺ ആക്ടിവിസ്റ്റുകളും ഉണ്ടെന്നാണ് സർക്കാരിൻ്റെ സർവ്വേ കണക്കുകൾ. ഐപിസി 377 പ്രകാരം സ്വവർഗരതിയെ പ്രകൃതിവിരുദ്ധമായും ക്രിമിനൽ കുറ്റമായുമായിരുന്നു കണക്കാക്കിയിരുന്നത്. പിന്നീട് ഒൻപത് വർഷം നടന്ന കടുത്ത സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി 2018 ൽ സുപ്രീം കോടതി സ്വവർഗരതിയെ കുറ്റവിമുക്തമാക്കി. എന്നാൽ ഇന്ത്യൻ പീനൽ കോഡിന് പകരം കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഭാരതീയ ന്യായ സംഹിത നിലവിൽ വന്നാൽ സ്വവർഗരതി വീണ്ടും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെട്ടേക്കാം. കേരളത്തിലുൾപ്പെടെ ക്വീർ സമൂഹത്തിന് നേരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ വർഷം മലപ്പുറത്ത് നടന്ന ക്വീർ ആഘോഷത്തിന് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉണ്ടായ ആക്രമണങ്ങൾ നമ്മൾ കണ്ടതാണ്. ഒരു മനുഷ്യന് തൻ്റെ വ്യക്തിത്വമെന്താണെന്ന് തെല്ലും ഭയമില്ലാതെ പറയാൻ കഴിയുന്നതു വരെ പ്രൈഡ് ആഘോഷങ്ങൾ തുടർന്നുകൊണ്ടിരിക്കും. പറയാൻ സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാൽ ഇരിട്ടി ആഹ്ലാദത്തിൽ പ്രൈഡ് ആഘോഷങ്ങൾ വർഷാവർഷം അരങ്ങേറും. ഓരോ മനുഷ്യനെയും മനുഷ്യനായി തന്നെ കാണാൻ ലോകം പഠിക്കും. തുല്യതയുടെയും സഹനത്തിൻ്റെയും സഹോദര്യത്തിൻ്റെയും പ്രണയത്തിൻ്റെയും പ്രതിരൂപമായി ഏഴ് നിറമുള്ള മഴവിൽ കൊടി കൂടുതൽ ശോഭയോടെ ഇനിയും പാറിക്കൊണ്ടേയിരിക്കും.