
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാൾ രാജ്യത്തെ തന്നെ പ്രമുഖ വ്യക്തിയാണ്. ഹിസാർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സാവിത്രി ജിൻഡാലാണ് ആ പ്രമുഖ. ഫോബ്സ് ഇന്ത്യ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികയാണ് സാവിത്രി. ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് സാവിത്രി സ്വതന്ത്രയായി പത്രിക നൽകിയത് എത്തിയത്.
ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ കമാൽ ഗുപ്തയാണ് സാവിത്രിയുടെ പ്രധാന എതിരാളി നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇവർ പത്രിക സമർപ്പിച്ചത്.
2024ലെ ഫോബ്‌സ് പട്ടിക പ്രകാരം സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. 29.1 ബില്യൺ ഡോളർ ആസ്തിയുണ്ട് സാവിത്രി ജിൻഡാലിനെന്ന് റിപ്പോർട്ടിൽ പറയുന്നു. സമ്പാദ്യം 270 കോടി എന്നാണ് നാമനിർദേശ പത്രികയിൽ പറഞ്ഞിരിക്കുന്നത്.
74കാരിയായ സാവിത്രി പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിൻഡാലിന്‍റെ ഭാര്യയാണ് . നേരത്തെ 10 വർഷം കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎ ആയിരുന്നു . ഒരു തവണ മന്ത്രിയുമായി. ഈ വർഷം മാർച്ചിലാണ് ഇവർ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്.കുരുക്ഷേത്രയിലെ ബിജെപി എംപി നവീൻ ജിൻഡാൽ മകനാണ്.
ഭരണ കക്ഷിക്കെതിരായ പ്രതിഷേധമല്ലേ സ്വതന്ത്ര സ്ഥാനാർഥിത്വം എന്ന ചോദ്യത്തിന് താൻ ഇതുവരെ ബിജെപി അംഗത്വം എടുത്തിട്ടില്ലെന്നായിരുന്നു സാവിത്രിയുടെ മറുപടി. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 8 നാണ് ഫലപ്രഖ്യാപനം.