
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീ പൊള്ളലേറ്റെത്തിയ രോഗിയോട് അനാസ്ഥ. ശരീരം മുഴുവൻ പൊള്ളി മിനിട്ടുകളോളം അത്യാഹിത വിഭാഗത്തിന് മുന്നിൽ നിൽക്കേണ്ടി വന്നിട്ടും ട്രോളിയോ സ്ട്രെച്ചറോ അറ്റൻഡറോ സ്ഥലത്ത് എത്തിയില്ല. തീ പൊള്ളലേറ്റെത്തിയ കരകുളം സ്വദേശി ബൈജുവിനാണ് ക്രൂരത നേരിടേണ്ടി വന്നത്
ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് പൂജപ്പുരയിൽ നടുറോഡിൽ തീ കൊളുത്തി ജീവനൊടുക്കാൻ ബൈജു ശ്രമിച്ചത്. കന്നാസിൽ പെട്രോളുമായി എത്തി തീ കൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുയായിരുന്നു. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച ബൈജുവിനെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകാൻ ആണ് മിനുട്ടുകളോളം വൈകിയത്.
ഭാര്യയുമായി പിണങ്ങി താമസിക്കുന്ന ബൈജുവിനെതിരെ ഗാർഹികപീഢനം ഉൾപ്പടെയുള്ള കേസുകൾ നിലവിൽ ഉണ്ട്. ഭാര്യയെ സ്ഥിരമായി മർദിക്കുന്നതിനാൽ ഇവർ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലാണ് താമസിക്കുന്നത്. ഇവരെക്കാണാൻ ആണ് ബൈജു പൂജപ്പുരയിലെത്തിയത്. ഭാര്യയെ കണ്ടില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ എത്തിയതെന്നും വിവരമുണ്ട്.