'രക്തസാക്ഷിത്വം ഒന്നിന്റെയും അവസാനമല്ല, അതൊരു തുടക്കം മാത്രമാണ്'; ഇന്ദിരാഗാന്ധിയുടെ ഓർമകൾക്ക് ഇന്ന് 40 വയസ്

'ഇന്ദിരയാണ്‌ ഇന്ത്യ, ഇന്ത്യയാണ്‌ ഇന്ദിര' എന്നതടക്കമുള്ള പല വിശേഷണങ്ങളും അക്കാലത്ത് ഇന്ദിരാഗാന്ധി പുലർത്തിയ ആധിപത്യത്തിന്‌ തെളിവാണ്
'രക്തസാക്ഷിത്വം ഒന്നിന്റെയും അവസാനമല്ല, അതൊരു തുടക്കം മാത്രമാണ്'; ഇന്ദിരാഗാന്ധിയുടെ ഓർമകൾക്ക് ഇന്ന് 40 വയസ്
Published on

'രക്തസാക്ഷിത്വം ഒന്നിന്റെയും അവസാനമല്ല, അതൊരു തുടക്കം മാത്രമാണ്' ഇന്ദിരാഗാന്ധിയെന്ന ഇന്ദിരാ പ്രിയദർശിനി നെഹ്‍റു പറഞ്ഞു വെച്ചത് പോലെ തന്നെയാണ് പിന്നീട് സംഭവിച്ചതൊക്കെയും. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം, കൃത്യമായി പറഞ്ഞാൽ 1984 ഒക്ടോബർ 31 ന് വെടിയുണ്ടകളേറ്റ് വീണിട്ടും ആ രക്തസാക്ഷിത്വത്തെ കുറിച്ച് രാജ്യം സംസാരിച്ചു കൊണ്ടേയിരുന്നു. ബ്രിട്ടീഷ്‌ ഡോക്യുമെന്ററി പ്രവർത്തകൻ പീറ്റർ ഉസ്‌തിനോവിന്‌ അഭിമുഖം നൽകാനായി ഔദ്യോഗിക വസതിയിൽ നിന്നും തൊട്ടടുത്തുള്ള ഓഫീസിലേക്ക് കാൽനടയായി പോകുമ്പോഴാണ് അംഗരക്ഷകരായ സത്‌വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയുടെ നേരെ വെടിയുതിർത്തത്. വെടിയേറ്റതിനു ശേഷം ഇന്ദിരാഗാന്ധിയെ ഡൽഹിയിലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരീരത്തിൽ കയറിയ 19 വെടിയുണ്ടകളിൽ നിന്നും 7 എണ്ണം നീക്കുന്നതിനിടയിലാണ് ഇന്ദിര മരിക്കുന്നത്.

ഇന്ദിരാ ഗാന്ധിയുടെ മരണം രാജ്യമൊട്ടാകെ സിഖ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. ഈ കലാപങ്ങളിൽ ആയിരക്കണക്കിന് സിഖുകാരാണ് കൊല്ലപ്പെട്ടത്. കേരളത്തിലെ കൊച്ചിയിലും അക്കാലത്ത് സിഖ് വിരുദ്ധ ആക്രമണങ്ങളുണ്ടായി. ഇന്ത്യയിലൊട്ടാകെ 3,350 സിഖുകാർ കൊല്ലപ്പെട്ടെന്ന് സർക്കാർ കണക്കുകൾ പറയുമ്പോഴും പതിനായിരങ്ങൾ മരിച്ചു വീണിട്ടുണ്ടെന്നാണ് സിഖ്‌ സംഘടനകൾ അവകാശപ്പെടുന്നത്. ഡൽഹിയിൽ മാത്രം 578 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മിക്കവാറും പ്രതികളെയെല്ലാം തന്നെ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയും, പല കേസുകളും അട്ടിമറിക്കപ്പെടുകയും ചെയ്തു. കലാപങ്ങളെപ്പറ്റി പഠിക്കുവാൻ സർക്കാർ അവസാനം നിയമിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്റെ റിപ്പോർട്ട് കലാപം നടന്ന് 21 വർഷങ്ങൾക്ക് ശേഷം 2005ൽ ആണ് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്. നാനാവതി കമ്മീഷനു മുമ്പ് പത്തോളം വിവിധ കമ്മീഷനുകൾ സിഖ് വിരുദ്ധ കലാപങ്ങളെക്കുറിച്ചന്വേഷിക്കാൻ നിയമിക്കപ്പെട്ടിട്ടുണ്ട്.

ജവഹർലാൽ നെഹ്‍റുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര അച്ഛന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. നെഹ്‍റുവിന്റെ പരോക്ഷ പിന്തുണയോടെ 1959 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായാണ് ഇന്ദിര രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്നത്. ബന്ധുത്വ രാഷ്ട്രീയത്തിന്‌ എതിരായിരുന്ന നെഹ്‍റു അക്കാലത്ത് തന്റെ മകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ 1964-ൽ നെഹ്‍റു മരിച്ചതോടെ ഇന്ദിര രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായ ഇന്ദിര ഭരണരംഗത്ത്‌ തികഞ്ഞ പാടവം പ്രകടിപ്പിച്ചു. പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ നെഹ്‍റു കുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോൺഗ്രസ്‌ നേതാക്കന്മാരുടെ കീഴ്‌വഴക്കമാണ്‌ ഇന്ദിരയെ 1966ൽ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. അന്നുമുതൽ 1977 വരെ തുടർച്ചയായി അധികാരത്തിലിരുന്ന ഇന്ദിരാഗാന്ധിക്ക്‌ അടിയന്തരാവസ്ഥയ്‌ക്കു ശേഷം മൂന്ന്‌ വർഷം പുറത്തിരിക്കേണ്ടിവന്നു.

അധികാരം നിലനിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്‌ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും അതിനെതിരായ ജനവികാരം ചരിത്രത്തിലാദ്യമായി കോൺഗ്രസിനെ പ്രതിപക്ഷത്താക്കി. 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ ദയനീയമായി പരാജയപ്പെട്ടു. എങ്കിലും അധികാരത്തിലിരുന്നപ്പോൾ ഇന്ദിര സ്വീകരിച്ച പല നയങ്ങളും മറ്റുള്ളവരെ അമ്പരിപ്പിച്ചു. ബാങ്ക്‌ ദേശസാൽക്കരണം അടക്കമുള്ള പദ്ധതികൾ ഇന്ദിരാഗാന്ധിയുടെ കരുത്തിനും നിശ്‌ചയ ദാർഢ്യത്തിനും തെളിവായി ചൂണ്ടിക്കാട്ടാറുണ്ട്. 'ഇന്ദിരയാണ്‌ ഇന്ത്യ, ഇന്ത്യയാണ്‌ ഇന്ദിര' എന്നതടക്കമുള്ള പല വിശേഷണങ്ങളും അക്കാലത്ത് ഇന്ദിരാഗാന്ധി പുലർത്തിയ ആധിപത്യത്തിന്‌ തെളിവാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com