ആഭ്യന്തര കലഹം മുതൽ ജാട്ട് വിരുദ്ധ ഏകീകരണം വരെ; ഹരിയാനയിൽ കോൺ​ഗ്രസിന് പിഴച്ചതെവിടെ.?

ഹരിയാന കോണ്‍ഗ്രസില്‍ എന്താണ് സംഭവിച്ചത്.? എവിടെയാണ് കോൺഗ്രസിന് കാലിടറിയത്.?
ആഭ്യന്തര കലഹം മുതൽ ജാട്ട് വിരുദ്ധ ഏകീകരണം വരെ; ഹരിയാനയിൽ കോൺ​ഗ്രസിന് പിഴച്ചതെവിടെ.?
Published on

വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഹരിയാനയിൽ ബിജെപി ലീഡ് ഉയർത്തിയത്. കുറഞ്ഞത് ഏഴ് സർവേകളെങ്കിലും കോൺ​ഗ്രസിന് 50 മുതൽ 55 സീറ്റുകൾ വരെ പ്രവചിച്ചിരുന്നു. പക്ഷെ ഫലം അത്തരത്തിലായിരുന്നില്ല. ഹരിയാന കോണ്‍ഗ്രസില്‍ എന്താണ് സംഭവിച്ചത്.? എവിടെയാണ് കോൺഗ്രസിന് കാലിടറിയത്.?

1. കോൺഗ്രസിലെ ആഭ്യന്തര കലഹം

2019 ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് 31 സീറ്റുകൾ നേടിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ, ഒരു പുരോ​ഗതിയുമുണ്ടാക്കാൻ കോൺ​ഗ്രസിന് സാധിച്ചിട്ടില്ല എന്നുവേണം കരുതാൻ.

ഇതിന് പിന്നലെ ഒരു പ്രധാന ഘടകം പാർട്ടിയിലെ ചേരിപ്പോരും അധികാരത്തിനുവേണ്ടിയുള്ള തർക്കവുമാണ്. തെരഞ്ഞെടുപ്പിനും വളരെ മുമ്പ് തന്നെ ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലി ചർച്ചകളും കലഹങ്ങളും കോൺ​ഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ ഭൂപീന്ദർ സിങ് ഹൂഡയും കുമാരി സെൽജയും തമ്മിലുള്ള അധികാര തർക്കം പരസ്യമായതോടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. സെൽജ താൻ മുഖ്യമന്ത്രിയാകും എന്ന് ഊന്നിപ്പറയുകയും ചെയ്തിരുന്നു.

2. പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും വോട്ട് ബാങ്ക്

വോട്ട് വിഹിതത്തിൽ കോൺഗ്രസ് ബിജെപിയേക്കാൾ മുന്നിലാണെങ്കിലും, ഇത് സീറ്റുകളാക്കി മാറ്റുന്നതിൽ അത്ര വിജയിച്ചിട്ടില്ലെന്ന് ട്രെൻഡുകൾ കാണിക്കുന്നു. പല സീറ്റുകളിലും മാർജിൻ വളരെ കുറവാണ്, ഇത് സൂചിപ്പിക്കുന്നത് ഹരിയാനയിലെ ഭരണ വിരുദ്ധ വോട്ടുകൾ പ്രാദേശിക പാർട്ടികളും സ്വതന്ത്രരും പകുത്തെടുത്തത് ബിജെപിക്ക് ​ഗുണം ചെയ്തിട്ടുണ്ട് എന്നാണ്.

എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾക്ക് നേട്ടമുണ്ടാക്കാനായില്ല. ഐഎൻഎൽഡിയും ബിഎസ്പിയും നിലവിൽ ഓരോ സീറ്റിലും മുന്നിട്ട് നിൽക്കുന്നു. നാല് സ്വതന്ത്രർ മുന്നിലാണ്.

3. ജാട്ട് വിരുദ്ധ ഏകീകരണം

ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ജാട്ട് വോട്ടുകളുടെ ഏകീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഇത് ജാട്ട് ഇതര വോട്ടുകളുടെ ഏകീകരണത്തിൽ ബിജെപിയെ സഹായിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാട്ട് ഷാഹി എന്നൊരു വാക്ക് ഉയർന്നു കേട്ടിരുന്നു, അതായത്, ജാട്ടുകളുടെ മേധാവിത്വം. ജാട്ട് സമുദായത്തിന്റെ ഉന്നമനത്തിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, മറ്റ് സമുദായങ്ങൾ ഭരണകക്ഷിക്ക് അനുകൂലമായി ചിന്തിച്ചിരിക്കാം.

4. ബിജെപിയുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ

ഹരിയാനയിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് സർവേകൾ പ്രവചിച്ചിരുന്നെങ്കിലും, ഭരണകക്ഷിക്ക് അനുകൂലമായ വേലിയേറ്റം വഴിതിരിച്ചുവിട്ടത്, അവരുടെ സൈലന്റ് ക്യാംപെയിനുകളാണ്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാനിനായിരുന്നു ഹരിയാനയിലെ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല.

ജനപിന്തുണ വോട്ടാക്കി മാറ്റാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി തീർച്ചയായും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് വക്താവ് അജോയ് കുമാറും പറഞ്ഞു.

5. ബിജെപിയുടെ നഗര മേധാവിത്വം

കഴിഞ്ഞ ദശകത്തിൽ, ഹരിയാനയിലെ നഗരപ്രദേശങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ ബിജെപി തങ്ങളുടെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിൽ തൂത്തുവാരുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ആഗ്രഹിച്ച പോലെ നടന്നില്ല. ഗുഡ്ഗാവ്, ഫരീദാബാദ്, ബല്ലഭ്ഗഢ് എന്നിവിടങ്ങളിൽ ബിജെപിയാണ് ഈ ഘട്ടത്തിൽ മുന്നിൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com