
കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ഉണ്ടായ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായി പരിശോധിക്കും. സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തും. ഇന്നലെ വൈകീട്ടാണ് എലത്തൂരിലെ എച്ച്പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ജനവാസമേഖലയിലെ ഓടകളിലേക്ക് ഡീസൽ ഒഴുകിയെത്തിയത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധനം നിറഞ്ഞൊഴുകിയത് പരിഹരിക്കാന്‍ സാധിക്കാത്തതാണ് പ്രശ്നത്തിനു കാരണമായത്. എച്ച്പിസിഎല്ലിന്‍റെ കോംപൗണ്ടില്‍ ഡീസല്‍ പരന്നൊഴുകുകയും അത് മതിലിനോട് ചേർന്നുള്ള ഓവുചാലിലേക്ക് ഒഴുകിയെത്തുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ധനം ചോർന്നൊഴുകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓവുചാലിൽ നിന്ന് ഒഴുകി എത്തിയ ഡീസൽ ബാരലുകളിൽ കോരിഎടുത്ത്മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. പുറത്തേക്കൊഴുകിയ ഡീസൽ പൂർണമായും മാറ്റാനായതായും അധികൃതർ വ്യക്തമാക്കി.
രണ്ടായിരത്തിലധികം ഡീസലും വെള്ളവും ചേർന്ന ദ്രാവകം നാട്ടുകാർ ശേഖരിച്ചിട്ടുണ്ട്. ജലാശയങ്ങളുമായി ചേർന്ന് കിടക്കുന്ന മേഖലയായതിനാല്‍ മറ്റിടങ്ങളിലേക്കും ഇന്ധനം ഒഴുകിയെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണ്. സംഭവ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്.