വെള്ളച്ചാട്ടത്തിൽ നിന്ന് റീൽസ് ഷൂട്ട്; മഹാരാഷ്ട്രയിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർക്ക് ദാരുണാന്ത്യം
വെള്ളച്ചാട്ടത്തില്‍ നിന്നുള്ള റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. 26 കാരിയായ ആന്‍വി കാംദാര്‍ ആണ് മഹാരാഷ്ട്രയിലെ കുംഭെ വെള്ളച്ചാട്ടത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് മരിച്ചത്.
ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈ സ്വദേശിനിയായ ആന്‍വി കാംദാര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആന്‍വി കുംഭെ വെള്ളച്ചാട്ടത്തിലെത്തിയത്. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതിയാണ് ആന്‍വി അപകടത്തില്‍പ്പെടുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ ആന്‍വിയെ കണ്ടെത്തിയെങ്കിലും വീഴ്ചയിലുണ്ടായ ഗുരുതര പരിക്കുകള്‍ മൂലം മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങള്‍ പുതിയതല്ലെന്നും, സഞ്ചാരികള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും സംഭവത്തിനു ശേഷം അധികൃതര്‍ അറിയിച്ചു. നിലവില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ് ഉള്ള ഇന്‍ഫ്‌ളുവന്‍സറായ ആന്‍വി തന്റെ യാത്രകളുടെ ഫോട്ടോകളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതലും പങ്കുവെക്കാറുള്ളത്.