

പുതിയ അംഗങ്ങളുടെ എണ്ണം ഒറ്റയടിക്ക് വർധിക്കുന്നത് തലവേദനയാകുമെന്ന് സിപിഎം കാസർഗോഡ് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിമർശനം. അംഗങ്ങളുടെ നിലവാരം ഉറപ്പാക്കണമെന്നും അതിന് ബ്രാഞ്ച് തലം മുതലുള്ള നിരീക്ഷണം വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടന്ന ജനറൽബോഡി റിപ്പോർട്ടിങ്ങിലാണ് പഠന സ്കൂളിൽ പങ്കെടുത്ത നേതാക്കൾ വിമർശനം ഉയർത്തിയത്.
അടുത്ത കാലത്താണ് അംഗത്വത്തിൽ വലിയ വർധന ഉണ്ടായത്. സംസ്ഥാനത്ത് 53 ശതമാനവും പുതിയ അംഗങ്ങളാണ്. നേരത്തേ പാർട്ടി അംഗത്വത്തിന് വലിയ കടമ്പകളുണ്ടായിരുന്നു. അനുഭാവി ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാനാർഥി അംഗത്വവും, അവിടെയുള്ള പ്രവർത്തനങ്ങൾ നോക്കി മുഴുവൻ സമയ അംഗത്വവും നൽകുന്നതായിരുന്നു രീതി. എന്നാൽ ഇപ്പോൾ അത്തരം കടമ്പകൾ കടക്കാതെയാണ് അംഗത്വം നൽകുന്നതെന്ന വിമർശനമാണ് നേതൃത്വം ഉന്നയിക്കുന്നത്. ചില താല്‍പര്യങ്ങള്‍ക്കായി പാർട്ടിയോട് അടുക്കുന്നവർക്ക് പെട്ടെന്ന് അംഗത്വം ലഭിക്കുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ALSO READ: IMPACT | റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി; വൈകുന്നേരത്തോടെ കേരളത്തില്‍
അനുഭാവി ഗ്രൂപ്പ് യോഗം പോലും പലയിടങ്ങളിലും ചേരുന്നില്ല. ചിലർക്ക് അനുഭാവി ഗ്രൂപ്പിൽ എത്തിയത് പോലും അറിയില്ല. അങ്ങനെയുള്ളവർ മുഴുവൻ സമയ അംഗങ്ങളായാലുള്ള സ്ഥിതി പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കോളേജുകളിലുൾപ്പെടെ എസ്എഫ്ഐ പ്രവർത്തനം നടത്തുന്നവരെ അനുഭാവി ഗ്രൂപ്പുകളിൽ ചേർത്ത് സംഘടനാവത്കരിക്കാനുള്ള ശ്രദ്ധയുണ്ടാകണം. പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് വേഗത്തിൽ അംഗത്വം നൽകുന്ന സ്ഥിതിയുണ്ടാകരുതെന്നും നേതൃത്വം വ്യക്തമാക്കി.
ALSO READ: വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ല; പത്തനംതിട്ട നഗരസഭ യോഗത്തില്‍ മെഴുകുതിരികളുമായി പ്രതിപക്ഷ പ്രതിഷേധം
അംഗത്വത്തിന് മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ എന്നാണ് റിപ്പോർട്ടിങ്ങിലെ കാതലായ വശം. നേരത്തേ ബ്രാഞ്ച് പ്രവർത്തകർ ആ പ്രദേശത്തെ വീടുകളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. ഇപ്പോൾ വീടുകൾ സന്ദർശിക്കുന്ന പതിവ് കുറഞ്ഞു. ഇത് സാധാരണക്കാരായ ആളുകൾ പാർട്ടിയുമായി അകലുന്നതിന് കാരണമായി. സ്ത്രീകളാണ് ഇതര സംഘടനകളിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നത്. സിപിഎമ്മിന്‍റെ കാര്യങ്ങൾ വരുമ്പോൾ വനിതകൾ മഹിളാ അസോസിയേഷൻ എന്ന നിലയിൽ മാത്രമാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്. ബ്രാഞ്ച് സമ്മേളനം മുതൽ ഈ കാര്യങ്ങളിൽ നിരീക്ഷണം വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം.