എന്‍ പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം;  ഡോ. എ ജയതിലക് നല്‍കിയ കുറിപ്പ് പുറത്ത്

എന്‍ പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം; ഡോ. എ ജയതിലക് നല്‍കിയ കുറിപ്പ് പുറത്ത്

കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായ പ്രശാന്തിനെ നിലവിൽ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്
Published on

എൻ. പ്രശാന്ത് ഐഎഎസിനെ ഫയലിൽ അഭിപ്രായം എഴുതാൻ വിലക്കിക്കൊണ്ട് ഡോ.എ ജയതിലക്‌ ഒപ്പിട്ട കുറിപ്പ് ‌പുറത്ത്‌. പ്രശാന്തിന്‌ ഫയൽ സമർപ്പിക്കരുതെന്ന് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്‌ ഡോ. ജയതിലകാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. 2024 മാർച്ച് ഏഴിനാണ് ജയതിലക്‌ കുറിപ്പിറക്കിയത്‌. കുറിപ്പിനെതിരെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. മന്ത്രി അംഗീകരിച്ച ഫയൽ റൂട്ടിഗിന്‌ വിരുദ്ധമായിറക്കിയതാണ് കുറിപ്പെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായ പ്രശാന്തിനെ നിലവിൽ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിന്റെ പേരിലാണ് നടപടി. പ്രശാന്ത് ഗുരുതരമായ അച്ചടക്കലംഘനം കാട്ടിയെന്നും ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഭാഗീയതയും വിരോധവും സൃഷ്ടിക്കാന്‍ പ്രശാന്തിന്റെ നടപടി ഇടയാക്കിയെന്നും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


എന്നാൽ ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നതെന്നും ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നുമായിരുന്നു സസ്‌പെന്‍ഷന് ശേഷം എന്‍ പ്രശാന്ത് പ്രതികരിച്ചത്. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് എന്ന് പറഞ്ഞാല്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കല്‍ മാത്രമല്ല. അങ്ങനെ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. സത്യം പറയാന്‍ അവകാശമുണ്ട്. അതിന് ആരും എന്നെ കോര്‍ണര്‍ ചെയ്യേണ്ട കാര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു.

News Malayalam 24x7
newsmalayalam.com