
''നമുക്ക് നമ്മുടെ പുസ്തകങ്ങളും പേനകളും എടുക്കാം, അവ നമ്മുടെ ഏറ്റവും ശക്തമായ ആയുധങ്ങളാണ്. ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റാന്‍ കഴിയും'' മലാല യൂസഫ്‌സായ്
2012 ഒക്ടോബർ ഒൻപതിന്, ഒരു 15 വയസ്സുകാരി താലിബാന്‍റെ വെടിയേറ്റ് ജീവന് വേണ്ടി മല്ലിടുന്ന വാർത്ത ലോകമെമ്പാടും കണ്ടതാണ്. കൂടുതലൊന്നും വേണ്ട, മലാല യൂസഫ്‌സായ് എന്ന പെൺകുട്ടിയെ പരിചയപ്പെടുത്താൻ. സ്ത്രീ ശാക്തീകരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള പോരാട്ടത്തില്‍ ദീപശിഖയേന്തിയ ധീര വനിതയാണവർ. 1997 ജൂലൈ 12ന് പാകിസ്ഥാനിലെ മിംഗോറയിലാണ് മലാല ജനിച്ചത്.
2007ലാണ് മിംഗോറയ നഗരം താലിബാന്‍ പിടിച്ചടക്കി. പിന്നാലെ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തി. മലാല തൻ്റെ ബ്ലോഗിലൂടെ താലിബാൻ്റെ നീചഭരണത്തേയും സ്ത്രീവിരുദ്ധമായ നയങ്ങളേയും വിമർശിച്ചു. തുടർന്നും സ്കൂളില്‍ പോകാനുള്ള ആഗ്രഹത്തെക്കുറിച്ചും അവള്‍ എഴുതി. മലാലയെ പിന്തുണച്ചുകൊണ്ട് അവളുടെ പിതാവും ഒപ്പം ഉണ്ടായിരുന്നു. ഇതില്‍ അസ്വസ്ഥരായ താലിബാന്‍ തീവ്രവാദികള്‍, 2012 ഒക്ടോബര്‍ ഒമ്പതിന് മലാലയ്ക്ക് നേരെ നിറയൊഴിച്ചു. അന്ന് അവള്‍ക്ക് പ്രായം വെറും 15 വയസ്സ്. മരണത്തോട് മല്ലിട്ട് മലാല ദിവസങ്ങളോളം പോരടിച്ചു. ഒടുവിൽ നിരവധി ശസ്ത്രക്രിയകൾക്കും ഏറെക്കാലത്തെ ചികിത്സയ്ക്കും ശേഷം, വീണ്ടും പോരാടാനുറച്ച മനസുമായി മലാല ജീവിതത്തിലേക്ക് തിരികെ വന്നു.
"പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം, വിദ്യാഭ്യാസമാണ് ഏക പരിഹാരം" എന്നവള്‍ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. പതിനാറാം ജന്മദിനത്തില്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത മലാല, പിന്നീട് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അർഹയായി. പിന്നീട്, ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ബഹുമതിയും ലിബര്‍ട്ടി മെഡലും മലാലയ്ക്ക് ലഭിച്ചു.
2017ല്‍ പഠനത്തിനായി ബര്‍മിംഗ് ഹാമില്‍ താമസമാക്കിയ മലാല, അതിന് ശേഷവും ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായുള്ള അവകാശങ്ങൾക്കായി പോരാടിവരികയാണ്. ലോകമെമ്പാടുമുള്ള സ്ത്രീജനങ്ങളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും പ്രചോദനമേകിയ മലാലയ്ക്കായുള്ള യുഎന്നിന്‍റെ ആദരമാണ് ഈ ദിനം.