
തിരുവനന്തപുരം വർക്കലയിൽ അമ്മയുമായുള്ള വാക്കേറ്റത്തിനിടെ മകൻ വീടിന് തീയിട്ടു. മദ്യലഹരിയിൽ മേൽവെട്ടൂർ സ്വദേശി പ്രിജിത്താണ് വാടക വീടിന് തീയിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് മേൽവെട്ടൂർ സ്വദേശികളായ സതിയും മകൻ പ്രിജിത്തും തമ്മിൽ വാക്കേറ്റമുണ്ടായത്.
മദ്യലഹരിയിലായിരുന്ന പ്രിജിത്ത് മകനെയും കൂട്ടി പുറത്തുപോകാനൊരുങ്ങിയത് സതി തടഞ്ഞിരുന്നു. പിന്നാലെ സതി കുട്ടിയേയും കൂട്ടി തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. ഇതിൽ പ്രകോപിതനായാണ് പ്രിജിത്ത് വീടിന് തീയിട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സെത്തി തീയണച്ചു. വീടും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചു. 12 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് വീട്ടുടമ ബീന പറഞ്ഞു. ബീനയുടെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം പ്രിജിത്ത് ഒളിവിലാണ്.