
ബംഗളൂരു കോറമംഗലയിൽ പി ജിയിൽ അതിക്രമിച്ചു കയറിയ ആൾ യുവതിയെ കഴുത്തറത്തു കൊന്നു. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ബിഹാർ സ്വദേശിനിയായ കൃതി കുമാരിയാണ് കൊല്ലപ്പെട്ടത്. വിആർ ലേ ഔട്ടിലെ പിജിയിൽ താമസിക്കുകയായിരുന്നു ഇവർ.
പ്രതിയെന്ന് കരുതുന്ന ആൾ രാത്രി 11.10നും, 11.30നും ഇടയിൽ കയ്യിൽ കത്തിയുമായി പി ജി പരിസരത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് മൂന്നാം നിലയിലെ മുറിക്കരികിൽ നിന്ന് കൃതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൃതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടതായി സ്ഥലം സന്ദർശിച്ച പൊലീസ് അറിയിച്ചു. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറ ഫാത്തിമയും സ്ഥലം സന്ദർശിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൃതിയുമായി പരിചയമുള്ളയാളാണ് കുറ്റം ചെയ്തതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും, കൊലപാതകത്തിൻ്റെ കാരണം ഇതുവരെയും വ്യക്തമല്ല എന്നും സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറ ഫാത്തിമ വ്യക്തമാക്കി.