26 രാജ്യങ്ങള്‍, 3000ത്തോളം പ്രതിനിധികള്‍; ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് നാളെ തുടക്കം

രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും
26 രാജ്യങ്ങള്‍, 3000ത്തോളം പ്രതിനിധികള്‍; ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് നാളെ തുടക്കം
Published on


കേരളത്തിന്റെ വ്യവസായക്കുതിപ്പിന് ആഗോള നിക്ഷേപകരുടെയും വ്യവസായികളുടെയും പിന്തുണയും നിക്ഷേപവും ലക്ഷ്യമിട്ടുള്ള കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. രണ്ടുദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പങ്കെടുക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ നിക്ഷേപക സൗഹൃദാന്തരീക്ഷവും അവസരങ്ങളും സാധ്യതകളും ലോകത്തിന് മുന്നിൽ തുറന്നിടുകയാണ് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി ലക്ഷ്യം വെക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്നവേഷൻ പ്രോത്സാഹനം, ആയുർവേദ സൗഖ്യചികിത്സ, സമുദ്രോത്പന്ന മേഖല ഉൾപ്പെടെ 22 മുൻഗണനാ മേഖലകൾ അടിസ്ഥാനമാക്കിയാണ് ഉച്ച കോടിയിൽ പാനൽ ചർച്ചകൾ നടക്കുക.

26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഓസ്ട്രേലിയ, നോർവെ, വിയറ്റ്നാം, മലേഷ്യ എന്നിവ പങ്കാളി രാജ്യങ്ങളായാണ് പങ്കെടുക്കുന്നത്. ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ എന്നിവിടങ്ങളിൽ നിന്ന് മന്ത്രിതലസംഘവും ഉച്ചകോടിക്ക് എത്തും. തീരുമാനങ്ങൾ വേഗത്തിലാക്കാൻ, വകുപ്പുകളുടെ പദ്ധതികളിലെ നിക്ഷേപ ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേതൃത്വം നൽകും.

നിക്ഷേപ പദ്ധതികൾക്ക് അതിവേഗം അനുമതി നൽകാനുള്ള പ്രത്യേക സജ്ജീകരണം ഉച്ചകോടിയുടെ ഭാഗമായി ഒരുക്കും. വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി എന്നിവർ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനിൽ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. യുഎഇ സാമ്പത്തികമന്ത്രി അബ്‌ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ-വ്യവസായമന്ത്രി അബ്‌ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നോർക്ക റൂട്ട്സ് വൈസ്‌ ചെയർമാൻ എം.എ. യൂസഫ് അലി തുടങ്ങിയവരും പരിപാരിപാടിയിൽ പങ്കെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com