ADGP-RSS കൂടിക്കാഴ്ച സൗഹൃദ സന്ദർശനം, കാരണം അവ്യക്തം; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ

മുഖ്യമന്ത്രി പിണറായി വിജയനാണ് 71 പേജുള്ള അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്
ADGP-RSS കൂടിക്കാഴ്ച സൗഹൃദ സന്ദർശനം, കാരണം അവ്യക്തം; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ
Published on

എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നിയസഭയിൽ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് 71 പേജുള്ള അന്വേഷണ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് സമർപ്പിച്ചത്. ആർഎസ്എസ് കൂടിക്കാഴ്ച സൗഹൃദ സന്ദർശനമെന്നാണ് എഡിജിപിയുടെ മൊഴിയെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രസിഡൻ്റ് മെഡലിന് വേണ്ടിയാണ് എന്നുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണത്തിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ ആ ലക്ഷ്യത്തോടെയാണ് ആർഎസ്എസ് നേതാക്കളെ കണ്ടതെങ്കിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് ആർഎസ്എസ് നേതാക്കളെ കണ്ടതിലും കാരണം വ്യക്തമല്ല. അതൊരു ക്ലോസ് ഡോർ മീറ്റിംഗ് ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർഎസ്എസ് വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാർ കുടുംബ സുഹൃത്ത് ആണെന്നാണ് എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴി. ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് ജയകുമാർ ഏർപ്പാട് ചെയ്ത കാറിലായിരുന്നു. കൂടിക്കാഴ്ച വ്യക്തിപരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഉണ്ണിരാജയും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നതായും എഡിജിപിയുടെ മൊഴിയിലുണ്ട്.


തെളിവുകൾ ഇല്ലാതെയാണ് പി.വി. അൻവർ എംഎൽഎ എഡിജിപി വിഷയത്തിൽ പല ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അദ്ദേഹത്തിന് കേട്ടുകേൾവികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എഡിജിപിയുടെ ഓഫീസിൽ ഫോൺ ചോർത്താൻ സംവിധാനമില്ല. അതുകൊണ്ട് തന്നെ ഫോൺ ചോർത്തൽ നടന്നിട്ടില്ല. പി.വി. അൻവർ ആരോപിച്ചത് പോലെ നിയമവിരുദ്ധമായ ഫോൺ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മാമി തിരോധാന കേസിൽ എം.ആർ. അജിത് കുമാറിനെതിരെ റിപ്പോർട്ടിൽ വിമർശനമുണ്ട്. എഡിജിപി രൂപീകരിച്ച ടീം കുടുംബം ആവശ്യപ്പെട്ടത് പോലെ ആയിരുന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്ന് ഓഫീസറെ ഉൾപ്പെടുത്തിയത് അനുചിതമാണ്. കുടുംബത്തിൻ്റെ ആവശ്യത്തിന് വിരുദ്ധമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെ പ്രത്യേക സംഘത്തിൻ്റെ തലവനായി നിയമിച്ചു. ജില്ലയിലെ മുതിർന്ന പൊലീസ് ഓഫീസർമാരെയും കമ്മീഷണറെയും ഒഴിവാക്കി കൊണ്ടായിരുന്നു ഇത്. എഡിജിപിയുടെ ഈ നടപടി അനുചിതമാണ്. ഇത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.


അതേസമയം, സുജിത് ദാസ് അവധിയിൽ പോയത് തെളിവ് നശിപ്പിക്കാനെന്ന ആരോപണത്തിൽ തെളിവ് ലഭിച്ചിട്ടില്ല. എം.ആർ. അജിത് കുമാറിന് ആർഎസ്എസ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവില്ല. ബിജെപിക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിനും തെളിവില്ല. നവകേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട് 11 കേസുകൾ രജിസ്റ്റർ ചെയ്തെന്ന പി.വി. അൻവറിൻ്റെ ആരോപണം തെറ്റാണെന്നും, രണ്ട് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com