
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്. വേദി ഒരുക്കിയതിൽ മൃദംഗ വിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. കേസിൽ അന്വേഷണം പൂർത്തിയായി. കുറ്റപത്രം പാലാരിവട്ടം പൊലീസ് ഉടൻ സമർപ്പിക്കും.
കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ അധികൃതരാണ് കേസിലെ പ്രതികൾ. മതിയായ സുരക്ഷ ഒരുക്കാതെ സ്റ്റേജ് നിർമിച്ചതിനാണ് കേസ് എടുത്തത്. കേസിൽ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 29ന് ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് 'മൃദംഗനാദം' മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 13 നാണ് ആശുപത്രി വിട്ടത്. കൊച്ചി റിനെ മെഡിസിറ്റി ആശുപത്രിയിലായിരുന്നു എംഎൽഎ ചികിത്സയിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ ആശുപത്രിയിലും, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ഉമാ തോമസിനെ വീട്ടിലെത്തിയും സന്ദർശിച്ചിരുന്നു.