'ആ നീലപ്പെട്ടിയിൽ ഒന്നുമില്ല'; പെട്ടി വിവാദത്തിൽ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

പെട്ടി അടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാനനഷ്ട കേസ് കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
'ആ നീലപ്പെട്ടിയിൽ ഒന്നുമില്ല'; പെട്ടി വിവാദത്തിൽ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്
Published on
Updated on

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ട്രോളി ബാഗ് വിവാദത്തിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാഗിൽ പണം കൊണ്ടുവന്നു എന്നതിന് തെളിവില്ലെന്നും തുടർ നടപടി വേണ്ടെന്നും വ്യക്തമാക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്‌പിയ്ക്ക് റിപ്പോർട്ട് നൽകി. ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് തെളിഞ്ഞതായും മാനനഷ്ട കേസ് നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

നവംബർ 5 നാണ് തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഏറെ ചർച്ചാ വിഷയമായ പാതിരാ റെയ്‌ഡ് നടക്കുന്നത്. ഇതിനെ തുടർന്ന് ഉയർന്നുവന്ന ട്രോളി ബാഗ് വിവാദത്തിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് ബാഗിൽ കളള പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്‌പിക്ക് പരാതി നൽകിയത്.അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയതോടെ സിപിഎം പ്രതിരോധത്തിലായി.



അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെങ്കിലും, പെട്ടി അടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാനനഷ്ട കേസ് കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിപിഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ട്രോളി ബാഗ് വിവാദം ഉപതിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമാക്കിയതിൽ സിപിഎമ്മിനകത്ത് തന്നെ ഭിന്നത രൂക്ഷമായിരുന്നു. എൻ.എൻ. കൃഷ്ണദാസ് ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. പൊലീസ് തെളിവില്ലെന്ന് കണ്ടെത്തിയതോടെ സിപിഎമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയുണ്ട്.

News Malayalam 24x7
newsmalayalam.com