ചൊക്രമുടി വിവാദ ഭൂമി കൈയ്യേറ്റം: അനധികൃത നിർമാണം ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അന്വേഷണ റിപ്പോർട്ട്‌

സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചത്
ചൊക്രമുടി വിവാദ ഭൂമി കൈയ്യേറ്റം: അനധികൃത നിർമാണം ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അന്വേഷണ റിപ്പോർട്ട്‌
Published on

ഇടുക്കി ബൈസൺവാലി വില്ലേജിലെ ചൊക്രമുടി വിവാദ ഭൂമിയിലെ അനധികൃത നിർമാണം ഗുരുതര പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അന്വേഷണ റിപ്പോർട്ട്‌. ഗുരുതര കുറ്റകൃത്യങ്ങളാണ് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഉത്തര മേഖല ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചത്.

ചൊക്രമുടി വിവാദ ഭൂമിയിലെ കൈയ്യേറ്റം സംബന്ധിച്ച ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. വിവാദ ഭൂമിയിലേക്ക് ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചത് സ്വാഭാവിക പുൽമേടുകളും പാറക്കൂട്ടങ്ങളുമുള്ള സ്ഥലം നികത്തിയാണ്. ഇവിടെ കാർഷിക പ്രവർത്തനങ്ങളോ, ആൾ താമസമോ ഇല്ല. 25 ഏക്കറോളം വരുന്ന പുൽമേട്ടിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണിളക്കിയത് വൻ പാരിസ്ഥിതിക ആഘാതത്തിന് കാരണമായിട്ടുണ്ട്. റെഡ് സോൺ മേഖലയിൽ ഉൾപ്പെട്ട ചൊക്രമുടിയിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഇലക്ട്രിക് കേപ്പിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇത് കേരള മൈൻസ് ആൻ്റ് മിനറൽസ് കൺസഷൻ ചട്ടം 2015 ന്റെ ലംഘനമാണ് എന്നും റിപ്പോട്ടിൽ പറയുന്നു.

റോഡ് നിർമിക്കാനായി വലിയ ഉരുളൻ കല്ലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയിട്ടിരിക്കുന്നത് കുത്തനെയുള്ള ഈ ഭൂമിയുടെ താഴെയുള്ള താമസക്കാർക്ക് ഭീഷണിയാണ്. ചൊക്രമുടി മലനിരയുടെ മുകളിൽ നിന്ന് ഒഴുകി വരുന്ന നിരവധി നീർച്ചാലുകൾക്ക് കുറുകെയാണ് പാറ ഖനനം നടത്തിയതും റോഡുകൾ നിർമിച്ചിട്ടുള്ളതെന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഇത് ഭാവിയിൽ മലയിടിച്ചിലിന് കാരണമായേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു.

അനധികൃത നിർമാണം ആന, കാട്ടുപോത്ത്, വരയാട് തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഇവിടെയുണ്ടായിരുന്ന യൂക്കാലിപ്റ്റസ് ഉൾപ്പടെയുള്ള മരങ്ങൾ മുറിച്ച് മാറ്റിയശേഷം കുറ്റികൾ പിഴുതു കളഞ്ഞത് സർക്കാരിന് വൻ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അനധികൃതമായും അശാസ്ത്രീയമായും നിർമിച്ച തടയണ താഴ്ഭാഗത്തെ 200 ൽപരം പട്ടികജാതി /പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ 300 ഓളം കുടുംബങ്ങൾക്ക് ഭീഷണിയാണ്. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ജൈവവൈവിധ്യം രാസവസ്തുക്കൾ ഉപയോഗിച്ച് നശിപ്പിച്ചതായും കണ്ടെത്തി.

876 ഏക്കർ പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് പട്ടയം ഉണ്ടെന്ന് കൈവശക്കാരൻ അവകാശപ്പെടുന്നത്. അടിമാലി സ്വദേശി കൈപ്പൻപ്ലായ്ക്കൽ സിബി ജോസഫ് എന്നയാളാണ് കൈയ്യേറ്റം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിയുടെ സർവേ സ്കെച്ച് താലൂക്ക് സർവേയർ തയാറാക്കിയതാണെന്നും സർക്കാർ ഭൂമിയിലെ കൈയ്യേറ്റമൊഴിപ്പിച്ച് കൈയ്യേറ്റക്കാർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com