'മനുഷ്യമതിൽ തീർത്ത് പ്രതിഷേധം'; ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്മാറി അന്വേഷണ സംഘം

പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് യൂൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനായി സംയുക്ത അന്വേഷണം സംഘം പ്രസിഡൻഷ്യൽ വസതിയിലെത്തിയത്
'മനുഷ്യമതിൽ തീർത്ത് പ്രതിഷേധം'; ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്മാറി അന്വേഷണ സംഘം
Published on

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെ 'അറസ്റ്റ് ചെയ്യുന്നത് അസാധ്യം' എന്ന് അന്വേഷണ സംഘം. യൂനിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ താല്‍ക്കാലികമായി പിന്‍മാറിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്യുന്നതിനായി പ്രസിഡന്‍റിന്‍റെ വസതിയില്‍ എത്തിയ അന്വേഷണ സംഘത്തെ സൈനിക യൂണിറ്റ് തടയുകയായിരുന്നു. പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് വലിയ തോതിൽ പ്രതിഷേധക്കാർ കൂടി ഒത്തുകൂടിയ സാഹചര്യത്തിൽ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് യൂൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനായി സംയുക്ത അന്വേഷണം സംഘം പ്രസിഡൻഷ്യൽ വസതിയിലെത്തിയത്. എന്നാൽ അവ‍ർക്ക് യൂനിനടുത്തേക്ക് എത്താനായില്ല. അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ പ്രതിഷേധക്കാർ 200 പേർ ചേർന്ന് മനുഷ്യമതിൽ തീർത്തുവെന്ന് യോൻഹാപ്പ് റിപ്പോർട്ട് ചെയ്യുന്നു. നടപടിയുമായി മുന്നോട്ട് പോയാൽ അക്രമ സംഭവങ്ങൾ ഉണ്ടായേക്കാമെന്ന സൂചന ലഭിച്ചതിനെ തുട‍ർന്ന് അന്വേഷണ സംഘം പിന്മാറുകയായിരുന്നു.

യൂനിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റിനുള്ള നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ അയച്ച മൂന്ന് സമൻസും അവഗണിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിൽ വിവിധ അന്വേഷണങ്ങളാണ് യൂനിനെതിരെ നടക്കുന്നത്. ഡിസംബർ മൂന്നിനാണ് പ്രസിഡൻ്റ് യൂൻ സൂക് യോൾ സൗത്ത് കൊറിയയിൽ പട്ടാള നിയമം അടിച്ചേൽപ്പിച്ചത്. എന്നാൽ രാജ്യത്തുടനീളവും വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിയമം പിൻവലിക്കപ്പെടുകയായിരുന്നു.

ഇതിനെ തുടർന്നാണ് ഡിസംബർ 14ന് യൂനിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്. ഇംപീച്ച് ചെയ്യപ്പെട്ടതോടെ യൂനിന്റെ പ്രസിഡൻഷ്യല്‍ അധികാരങ്ങൾ റദ്ദായിരുന്നു. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂവിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. സിയോളില്‍ നടന്ന ദേശീയ അസംബ്ലി പ്ലീനറി സെഷനിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പ് നടന്നത്. 300 പാർലമെൻ്റ് അംഗങ്ങളിൽ 204 പേർ ഇംപീച്ചുമെൻ്റീനെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു. മൂന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നാലു വോട്ടുകള്‍ അസാധുവായി. ദക്ഷിണ കൊറിയൻ ഭരണഘടന കോടതി ഈ നടപടി ശരിവെച്ചാൽ മാത്രമേ തൽസ്ഥാനത്ത് നിന്ന് പ്രസിഡൻ്റ് ഇംപീച്ച് ചെയ്യപ്പെടുകയുള്ളു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com