സെയ്ഫിൻ്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞത് ഷെരീഫുൾ ഇസ്ലാമിൻ്റെ മുഖം തന്നെ; പ്രതിയുടെ പങ്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച് അന്വേഷണസംഘം

ഫേസ് റെക്കഗ്നിഷൻ പരിശോധനാഫലം പുറത്തുവിട്ടാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്
സെയ്ഫിൻ്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞത് ഷെരീഫുൾ ഇസ്ലാമിൻ്റെ മുഖം തന്നെ; പ്രതിയുടെ പങ്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച് അന്വേഷണസംഘം
Published on

നടൻ സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ മുഖ്യപ്രതിയുടെ പങ്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച് അന്വേഷണസംഘം. സെയ്ഫിന്റെ ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന സിസിടിവി ദൃശ്യത്തിലുള്ളത്, അറസ്റ്റിലായ പ്രതി തന്നെയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഫേസ് റെക്കഗ്നിഷൻ പരിശോധനാഫലം പുറത്തുവിട്ടാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജനുവരി 16 ന് പുലർച്ചെ, മോഷണശ്രമത്തിൻ്റെ ഭാ​ഗമായി വീട്ടിലുണ്ടായ സംഘർഷത്തിലാണ് നടൻ സെയ്‌ഫ് അലിഖാന് കുത്തേറ്റത്. മുംബൈ, ബാന്ദ്ര വെസ്റ്റിലെ ഫ്ളാറ്റിലുണ്ടായ ആക്രമണത്തിൽ സെയ്ഫ് അലിഖാന് സാരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന് നാലാം ദിവസം ഷെരീഫുൾ ഇസ്ലാം എന്ന ബംഗ്ലാദേശി പൗരനെ കേസിൽ മുംബൈ പൊലീസ് താനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.

മോഷ്ടാവ് സെയ്ഫിൻ്റെ വീട്ടിൽ കയറുന്നതിൻ്റെയും ഇറങ്ങുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങിയിരുന്നത്. സിസിടിവി ദൃശ്യം വെച്ച് രൂപ സാദൃശ്യമുള്ള മറ്റ് ചിലരെ പൊലീസ് ആദ്യം പിടികൂടിയിരുന്നെങ്കിലും പിന്നീടാണ് ഷെരീഫുളിലേക്ക് എത്തിയത്.

നടന്റെ വീടിൻ്റെ തൊട്ടടുത്തുള്ള അപ്പാർട്ട്മെൻ്റ് വഴിയാണ് പ്രതി കോമ്പൗണ്ടിലേക്ക് എത്തിയത്. തുടർന്ന് ഫയർ എക്സിറ്റ് സ്റ്റെയർകേസ് വഴി സെയ്ഫിന്റെ ഫ്ലാറ്റിലേക്ക് എത്തിയെന്നാണ് പൊലീസ് പറയുന്നത്. ബാന്ദ്ര പൊലീസ്, ക്രൈംബ്രാഞ്ച്, സിഐഡി എന്നിവയുടെ സംയുക്ത സംഘമാണ് കേസന്വേഷണം നടത്തിയത്. അപകടം നടന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ മൊഴി ഏഴാം ദിവസമാണ് പൊലീസ് രേഖപ്പെടുത്തിയത്.

മൊഴിയിലുണ്ടായ വൈരുധ്യങ്ങളും സംഭവസ്ഥലത്തെ വിരലടയാളവും പ്രതിയുടേതും മാച്ച് ചെയ്യുന്നില്ലെന്ന വാർത്തകളും അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. തന്റെ മകനെ കേസിൽ കുടുക്കിയെന്നും പൊലീസ് ഗൂഢാലോചനയാണിതെന്നും ആരോപിച്ച് പ്രതിയുടെ പിതാവ് രംഗത്തെതുകയും ചെയ്തു.

എന്നാൽ പ്രതി ഷെരിഫുൾ തന്നെയാണ് എന്ന് സ്ഥിരീകരിക്കുകയാണ് ഇതോടെ പൊലീസ്. എന്നാൽ ഫിംഗർ പ്രിന്റ് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. ഫെയ്സ് റിക്ക​ഗനിഷൻ ടെസ്റ്റ് ഫലം അടക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷെരിഫുളിനെ അറസ്റ്റ് ചെയ്തതെന്നത് പൊലീസ് ആവർത്തിച്ചു. വിരലടയാളഫലം കൂടി ഉടൻ ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com