
എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സംഘം ആവശ്യപ്പെടുക. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയുടെ അമ്മയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് അമ്മ.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പീഡനവിവരം അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി എന്നാൽ അന്വേഷണ സംഘം ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
നാലു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമ്മയുടെ മൊഴി പുറത്തുവന്നത്. കുട്ടിയെ കൊല ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമ്മയുടെ മറുപടി. കുഞ്ഞിനെ കൊലപ്പെടുത്താമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നെന്ന് അമ്മ പറയുന്നു. എന്നാൽ പീഡന വിവരം ഇവർ അറിഞ്ഞിരുന്നില്ല. ഭർത്താവിനോടും ഭർത്താവിൻ്റെ വീട്ടുകാരോടും കടുത്ത ദേഷ്യമുണ്ടായിരുന്നു. ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നതെന്നും അമ്മ മൊഴി നൽകിയിരുന്നു.
അമ്മയ്ക്ക് മാനസികപ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും, മക്കളുടെ കാര്യം പോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടായിരുന്നുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയുടെ അച്ഛൻ്റെ സഹോദരനായ പ്രതി നിലവിൽ റിമാന്‍ഡിലാണ്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് മാറ്റിയത്.
പ്രതിയുടെ അറസ്റ്റ് പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പോക്സോ, ബാലനീതി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഒന്നര വര്‍ഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ ദിവസവും പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. രണ്ടര വയസു മുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. നീല ചിത്രങ്ങള്‍ കണ്ടശേഷമായിരുന്നു പീഡനമെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.