
കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് പരാതിയിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വ്യാജരേഖ ഉണ്ടാക്കി കോടികളുടെ ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന സഹകരണ സംഘം സെക്രട്ടറി പി.കെ.ബിന്ദുവിനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
32 വർഷമായി കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഈയാട് പ്രവർത്തിക്കുന്ന വനിതാ സഹകരണ ബാങ്കില്‍ ഏഴുകോടി രൂപയിൽ അധികം ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്. സംഘം സെക്രട്ടറി പി.കെ ബിന്ദു നിക്ഷേപകരുടെ രേഖകൾ ഉപയോഗിച്ച് അവരറിയാതെ വ്യാജ ലോണുകൾ എടുത്തുവെന്നും നിരവധി പരാതികളുണ്ട്. നിക്ഷേപകരുടെ പരാതിയെ തുടർന്ന് ബാങ്ക് സെക്രട്ടറി ഒരു വർഷമായി സസ്പെൻഷനിലാണ്. സെക്രട്ടറിയോടൊപ്പം ക്രമക്കേടിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്ത് നിക്ഷേപകരുടെ പണം തിരിച്ച് നല്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.സൊസൈറ്റി പരിസരത്തുനിന്നും ആരംഭിച്ച റാലി, സെക്രട്ടറിയുടെ വീടിന് സമീപം ബാലുശ്ശേരി പൊലീസ് തടയുകയായിരുന്നു.
കാലാവധി കഴിഞ്ഞ മാസങ്ങൾക്കിപ്പുറവും ലക്ഷങ്ങളുടെ നിക്ഷേപ തുക തിരിച്ചുകിട്ടാത്ത ആളുകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ക്രമക്കേടിന്‍റെ ഉത്തരവാദി സെക്രട്ടറി പി കെ ബിന്ദു മാത്രമാണെന്ന് നിലവിലെ ഭരണസമിതി അംഗങ്ങൾ ആരോപിച്ചു.ആരോപണ വിധേയായ സെക്രട്ടറിക്ക് എതിരെ വിജിലൻസിൽ പരാതി നൽകിയതായാണ് വിഷയത്തില്‍ ഭരണസമിതിയുടെ വിശദീകരണം.