IPL 2025 | CSK vs MI | ചെന്നൈയ്ക്ക് സൂപ്പർ തുടക്കം;മുംബൈയെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിന്; അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റുമായി വിഘ്നേഷ് പുത്തൂർ

ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു
IPL 2025 | CSK vs MI | ചെന്നൈയ്ക്ക് സൂപ്പർ തുടക്കം;മുംബൈയെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിന്; അരങ്ങേറ്റ മത്സരത്തില്‍ 3 വിക്കറ്റുമായി വിഘ്നേഷ് പുത്തൂർ
Published on

ഐപിഎൽ 2025ലെ ഹൈവോൾട്ടേജ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിം​ഗ്‌സ്. നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. മുംബൈ ഉയർത്തിയ 156 റൺസ് വിജയ ലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്. മത്സരത്തിൽ മുംബൈയുടെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മലയാളിയായ 'ചൈനാമാൻ' സ്പിന്നർ വി​ഘ്നേഷ് പുത്തൂർ ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്‌വാദിന്റെ വിക്കറ്റ് എടുത്താണ് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ രണ്ട് ചൈന്നെ വിക്കറ്റുകൾ കൂടി വിഘ്നേഷ് നേടി. അർധ സെഞ്ചുറി നേടിയ റുതുരാജ് ​ഗെയ്ക്‌വാദ് (53), രുചിൻ രവീന്ദ്ര (65) എന്നിവരും ബൗളിങ് നിരയും ചേർന്നാണ് മുംബൈയുടെ കയ്യില്‍ നിന്നും വിജയം തട്ടിയെടുത്തത്.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെപ്പോക്കിലെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ചെന്നൈ ഇറങ്ങിയത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ചെന്നൈയുടെ ബൗളിങ്. പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ നൂർ അഹ്മദിന്റെ നേതൃത്വത്തിൽ ചെന്നൈ ബൗളിങ് നിര വരിഞ്ഞുകെട്ടി. നൂർ അഹ്മദിന്റെ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ പുറത്തായി. പിന്നാലെ കൃത്യമായി ഇടവേളകളിൽ മുംബൈ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. റയാൻ റിക്കൽട്ടൺ (13), വിൽ ജാക്സ് (11), റോബിൻ മിൻസ് (3), നമാൻ ധിർ (17), മിച്ചൽ സാന്റ്നർ (11) എന്നിവർക്ക് ചെന്നൈ ബൗളിങ്ങന് മറുപടിയുണ്ടായിരുന്നില്ല. 25 പന്തിൽ 31 റൺസെടുത്ത തിലക് വർമയാണ് മുബൈ നിരയിലെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കും കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. ഓപ്പണർ രാഹുൽ ത്രിപാഠിയെ രണ്ടാമത്തെ ഓവറിൽ തന്നെ ചെന്നൈയ്ക്ക് നഷ്ടമായി. രാഹുലിനൊപ്പം ഓപ്പൺ ചെയ്ത രുചിൻ രവീന്ദ്ര സൂക്ഷിച്ച് ഷോട്ടുകൾ തെരഞ്ഞെടുത്താണ് മുന്നോട്ട് നീങ്ങിയത്. മറുവശത്ത് ക്യാപ്റ്റൻ ​ഗെയ്ക്‌വാദ് ആക്രമണം ഏറ്റെടുത്തു. 22 പന്തിൽ ​ഗെയ്ക്‌വാദ് അർധ സെഞ്ചുറി തികച്ചു. കളി എളുപ്പം വിജയിക്കാമെന്ന് അപ്പോഴേക്കും ചെന്നൈ ഉറപ്പിച്ചിരുന്നു.

എന്നാൽ എട്ടാമത്തെ ഓവറിൽ പന്തെറിയാൻ എത്തിയ മലയാളിയായ വിഘ്നേഷ് പുത്തൂർ കളി മുറുക്കി. കുൽദീപ് യാദവിനെ പോലെ ഇടങ്കയ്യൻ ചൈനാമാൻ ബൗളറായ വിഘ്നേഷിന്റെ ബൗളുകൾ റുതുരാജിനെ ശരിക്കും കുഴക്കി. ഒടുവിൽ 26 പന്തിൽ 53 റൺസെടുത്ത ​ഗെയ്ക്‌വാദ് പുത്തൂരിന്റെ പന്തിൽ വിൽ ജാക്സിന് ക്യാച്ച് നൽകി മടങ്ങി. ഒൻപതാമത്തെ ഓവറിന്റെ നാലാം പന്തിൽ 9 (7) റൺസെടുത്ത് നിന്ന ശിവം ദുബെയും പുത്തൂരിന്റെ 'ചൈനാമാൻ' ബൗളിങ്ങിൽ പുറത്തായി. തിലക് വർമയ്ക്കായിരുന്നു ക്യാച്ച്. പതിനൊന്നാമത്തെ ഓവറിൽ വിഘ്നേഷ് പുത്തൂരിനെ ആക്രമിച്ച് കളിക്കാനുള്ള ദീപക് ഹൂഡയുടെ ശ്രമം സത്യനാരായണ രാജുവിന്റെ കൈകളിൽ അവസാനിച്ചു. അതോടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിഘ്നേഷിന്റെ അക്കൗണ്ടിൽ മൂന്ന് വിക്കറ്റുകളായി.

45 പന്തിൽ 65 റൺസെടുത്ത രുചിൻ രവീന്ദ്ര അവസാനം വരെ ഉറച്ചുനിന്നു.  17 പന്തില്‍ 17 റണ്‍സെടുത്ത് വിജയത്തിന് തൊട്ടരുകില്‍ രവീന്ദ്ര ജഡേജ റണ്‍ ഔട്ടായതോടെ ആരാധാകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി. മഹേന്ദ്ര സിംഗ് ധോണിയുടെ എന്‍ട്രി. അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്രയുടെ സിക്സറിലൂടെയാണ് ചെന്നൈ വിജയം കരസ്ഥമാക്കിയത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com