
മുംബൈ ഇന്ത്യൻസിനെ 36 റൺസിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. 197 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഗുജറാത്തി പേസർമാർ മിന്നും പ്രകടനത്തിലൂടെ തളയ്ക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്. ഗുജറാത്തിനായി പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈക്ക് വേണ്ടി തിലക് വർമയും സൂര്യകുമാർ യാദവും മാത്രമാണ് തിളങ്ങിയത്. തിലക് വർമ ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 36 പന്തിൽ 39 റൺസ് നേടി. സൂര്യ 28 പന്തിൽ നാല് സിക്സറും ഒരു ഫോറും അടക്കം 48 റൺസ് നേടി. 17 പന്തിൽ 11 റൺസ് മാത്രം നേടി നിരാശപ്പെടുത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 196 റൺസാണ് നേടിയത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് നേടിയത്.
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 63 റൺസ് നേടി. ശുഭ്മാൻ ഗിൽ 38 റൺസും ജോസ് ബട്ട്ലർ 39 റൺസും നേടി. മറ്റു താരങ്ങൾക്കൊന്നും കാര്യമായ പിന്തുണ നൽകാനായില്ല. മുംബൈ ഇന്ത്യൻസിനായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. ട്രെന്റ് ബോൾട്ട്, ദീപക് ചഹാർ, മുജീബുർ റഹ്‌മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് മുംബൈയ്ക്കായി കളത്തിലിറങ്ങിയില്ല.