വിജയക്കുതിപ്പ് തുടരാൻ ടൈറ്റൻസ്, കരുത്ത് കാട്ടാൻ സഞ്ജുവും ടീമും ; IPLൽ ഇന്ന് ഗുജറാത്ത്-രാജസ്ഥാൻ പോരാട്ടം

ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ മടങ്ങിവരവ് തന്നെയാണ് രാജസ്ഥാന്റെ കരുത്ത്. ഓപ്പണിങ്ങിൽ ജയ്സ്വാൾ-സഞ്ജു സഖ്യം ഏത് ബോളിങ് നിരയേയും നേരിടാൻ പോന്നവർ. ജയ്സ്വാൾ ഫോം കണ്ടെത്തിയത് രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.
വിജയക്കുതിപ്പ് തുടരാൻ ടൈറ്റൻസ്, കരുത്ത് കാട്ടാൻ സഞ്ജുവും ടീമും ; IPLൽ ഇന്ന് ഗുജറാത്ത്-രാജസ്ഥാൻ പോരാട്ടം
Published on

ഐപിഎൽ സൂപ്പർ പോരാട്ടത്തിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. തുടർച്ചയായ മൂന്ന് ജയങ്ങളോടെ കുതിക്കുന്ന ഗുജറാത്തും, ക്യാപ്റ്റൻ സഞ്ജുവിന്റെ മടങ്ങി വരവോടെ അടിമുടി മാറിയ രാജസ്ഥാനും നേർക്കുനേർ എത്തുന്നു. വിജയക്കുതിപ്പ് തുടരാൻ ഇരു ടീമുകളും ഇറങ്ങുമ്പോൾ മത്സരം തീപാറും. വൈകിട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം.



ഐപിഎല്ലിൽ ജൈത്രയാത്ര തുടരുകയാണ് ഗുജറാത്ത്. കളംനിറഞ്ഞു കളിക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് അവരുടെ കരുത്ത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും തുടങ്ങിവെക്കുന്ന ബാറ്റിംഗ് വെടിക്കെട്ട് ഏറ്റെടുക്കാൻ ജോസ് ബട്‌ലർ, റുതർഫോഡ്, ഷാരൂഖ് ഖാൻ, വാഷിംഗ്‌ടൺ സുന്ദർ, രാഹുൽ തെവാട്ടിയ തുടങ്ങിയ ശക്തമായ നിരയുണ്ട്.



ബൌളിങ്ങിലും ഗുജറാത്ത് കരുത്തർ തന്നെ. പവർപ്ലേയിൽ സിറാജിന്റെ മൂന്ന് ഓവറുകൾ രാജസ്ഥാൻ കരുതിയിരിക്കണം. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ കൂടി ചേരുമ്പോൾ പേസ് ബോളിങ് നിര ശക്തം. സായ് കിഷോറാണ് സ്പിൻ കരുത്ത്, സൂപ്പർ താരം റാഷിദ് ഖാൻ ഫോമിലേക്ക് ഉയർന്നാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പം ആകില്ല.

മറുവശത്ത് ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ മടങ്ങിവരവ് തന്നെയാണ് രാജസ്ഥാന്റെ കരുത്ത്. ഓപ്പണിങ്ങിൽ ജയ്സ്വാൾ-സഞ്ജു സഖ്യം ഏത് ബോളിങ് നിരയേയും നേരിടാൻ പോന്നവരാണ്. ജയ്സ്വാൾ ഫോം കണ്ടെത്തിയത് രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. റിയാൻ പരാഗ്, നിതീഷ് റാണ, ഹെറ്റ്‌മെയർ, ധ്രുവ് ജുറേൽ അടങ്ങുന്ന ബാറ്റിംഗ് നിര ഏത് വിജയലക്ഷ്യവും കീഴടക്കാൻ ശക്തരാണ്.

ജോഫ്ര ആർച്ചർ ഫോമിലേക്ക് മടങ്ങി എത്തിയതോടെ രാജസ്ഥാൻ ബോളിങ് നിര കഴിഞ്ഞ മത്സരത്തിൽ അവസരത്തിനൊത്തുയർന്നു. ഏത് വമ്പൻ ബാറ്റിംഗ് നിരയേയും പിടിച്ചുകെട്ടാൻ കഴിയുന്ന ബോളിങ് നിര ഫോമിലേക്ക് ഉയർന്നാൽ അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചിലും സ്കോർ ചെയ്യാൻ ഗുജറാത്ത് ബുദ്ധിമുട്ടും.


സഞ്ജു-ബട്‌ലർ പോരാട്ടമാണ് ഇന്നത്തെ മത്സരത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. രാജസ്ഥാനായി 3,000ൽ അധികം റൺസ് നേടിയ ബട്‌ലർ മുൻ ടീമിനെതിരെ ഇറങ്ങുമ്പോൾ അതൊരു വൈകാരിക നിമിഷം കൂടെയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com